തിരുവനന്തപുരം: കോഴ ആരോപണവും മത്സരഫലത്തെക്കുറിച്ച് പരാതികളും ഉയർന്ന സാഹചര്യത്തിൽ നിർത്തിവെച്ച കേരള സർവകലാശാല യുവജനോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. വൈസ് ചാൻസലറുടെ നിർദേശപ്രകാരമാണ് യുവജനോത്സവം നിർത്തിവെക്കുകയും സമാപന സമ്മേളനമടക്കം ഉപേക്ഷിക്കുകയും ചെയ്തത്.
പരാതികളും തുടർസംഭവങ്ങളും അന്വേഷിക്കാന്‍ യോഗം പ്രത്യേകസമിതിയെ ചുമതലപ്പെടുത്തി. സമിതി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ഡോ. ഗോപ് ചന്ദ്രന്‍, അഡ്വ. ജി. മുരളീധരന്‍, ആര്‍. രാജേഷ്, ഡോ. ജയന്‍ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. കലോത്സവത്തിലെ സംഘർഷം, കോഴ ആരോപണം, വിധികർത്താവിന്‍റെ ആത്മഹത്യ തുടങ്ങിയ സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പരാതിയിൽ പൊലീസ് അന്വേഷണം ഉടൻ ആരംഭിക്കും. യുവജനോത്സവത്തിന്‍റെ ഫെസ്റ്റിവല്‍ മാന്വല്‍ പരിഷ്‌കരിക്കാൻ പ്രത്യേക സമിതിക്ക് രൂപംനല്‍കാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.