ന്യൂഡൽഹി: കോൺഗ്രസുമായുള്ള സീറ്റ് ധാരണ നീണ്ടുപോകുന്നതിനിടെ ബംഗാളിലെ 42ൽ 16 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം. 13 സീറ്റിൽ സി.പി.എമ്മും ആർ.എസ്.പി, സി.പി.ഐ, ഫോർവേഡ് ബ്ലോക്ക് പാർട്ടികൾ ഒരോ സീറ്റിലുമാണ് മത്സരിക്കുക. 14 മണ്ഡലങ്ങളിലും പുതുമുഖങ്ങളാണ് ജനവിധി തേടുന്നത്.
ഇൻഡ്യ മുന്നണിയിലുള്ള തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് ഒറ്റക്കാണ് മത്സരിക്കുന്നത്. അതേസമയം, സി.പി.എമ്മും കോൺഗ്രസും ഒന്നിച്ച് മത്സരിക്കുന്നതിനുള്ള ചർച്ച അണിയറയിൽ നടക്കുന്നുണ്ട്.
ബംഗാളിൽ കോൺഗ്രസുമായി സീറ്റ് ധാരണക്ക് തയാറാണെന്നും ഇക്കാര്യത്തിൽ അവരാണ് തീരുമാനം എടുക്കേണ്ടതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് പറഞ്ഞു.
ബംഗാൾ കോൺഗ്രസ് ഘടകം എ.ഐ.സി.സിയുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ തീരുമാനത്തിന് അനന്തമായി കാത്തുനിൽക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും പറഞ്ഞു.