മുംബൈ: വീട്ടുടമയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ വീട്ടുജോലിക്കാരനായ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം. കനയ്യ കുമാർ പണ്ഡിറ്റ് എന്ന വീട്ടുജോലിക്കാരനാണ് 67കാരിയായ വീട്ടുടമ ജ്യോതി ഷായെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നത്. ആഭരണങ്ങളുമായി നാട് വിടുന്നതിനിടെ ട്രെയിനിൽ നിന്നാണ് പ്രതി അറസ്റ്റിലാവുന്നത്.
പ്രതിയായ കനയ്യ കുമാർ പണ്ഡിറ്റ് മാർച്ച് 11 നാണ് ജ്യോതിഷായുടെ വീട്ടിൽ ജോലിക്കെത്തുന്നത്. പിറ്റേ ദിവസം തന്നെ കൊലപാതകം നടത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും മോഷ്ടിച്ച വജ്ര ആഭരണങ്ങളുമായി നാട് വിടുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലാവുന്നത്. വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കിടക്കയിൽ ബോധരഹിതയായി കിടന്നിരുന്ന ജ്യോതി ഷായെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കവർച്ച ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കഴുത്ത് ഞെരിച്ചതിൻ്റെ ലക്ഷണങ്ങൾ മൃതദേഹത്തിൽ കാണുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധയിടങ്ങളിൽ 15 സംഘങ്ങൾ തിരിഞ്ഞായിരുന്നു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിയത്. റെയിൽ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റിലും ബന്ധുക്കളുടെ വീട്ടിലുമുൾപ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ട്രെയിനിൽ നിന്നും പ്രതിയെ പിടികൂടുന്നത്. ഇയാളുടെ കയ്യിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.