കൊണ്ടോട്ടി: തീര്‍ഥാടന പ്രക്രിയകള്‍ തുടരുന്നതിനിടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരെ മാറ്റിയ സര്‍ക്കാര്‍ നടപടി ചര്‍ച്ചയാകുന്നു. എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി.എം. ഹമീദിനെയാണ് തസ്തികയില്‍നിന്ന് മാറ്റി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്ന ഹമീദിനെ മദ്റസ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ തസ്തികയിൽ നിയമിച്ച് വകുപ്പ് ജോയന്റ് സെക്രട്ടറി ബി. സുധ മാര്‍ച്ച് 13നാണ് ഉത്തരവിറക്കിയത്. ചുമതല താൽക്കാലികമായി മലപ്പുറം ജില്ല കലക്ടര്‍ക്കാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഹജ്ജ് തീര്‍ഥാടന വേളയിലുണ്ടായ പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹമീദ്, ഹജ്ജ് ഹൗസിലെ ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ പി.കെ. ഹസൈന്‍ തുടങ്ങിയവര്‍ക്കെതിരെ ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷനും ഒരുവിഭാഗം പൊതു പ്രവര്‍ത്തകരും നല്‍കിയ പരാതി പരിഗണിച്ചാണ് നിലവിലെ നടപടികള്‍.
ഹജ്ജ് കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് കമ്മിറ്റി സര്‍ക്കാറിന് രേഖാമൂലം കത്ത് നല്‍കുകയും ചെയ്തിരുന്നു. പി.കെ. ഹസൈനെ മാറ്റി പകരം ജീവനക്കാരനെ നിശ്ചയിക്കണമെന്ന് നിർദേശിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ജോയന്റ് സെക്രട്ടറി ദേവി ഫെബ്രുവരി 16ന് പുറത്തിറക്കിയ ഉത്തരവില്‍, നിയമനം റദ്ദാക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ തലത്തില്‍ മറുപടി നല്‍കിയതില്‍ തീരുമാനം കാത്തിരിക്കുന്നതിനിടെയാണ് എക്‌സിക്യൂട്ടിവ് ഓഫിസറെ സ്ഥലം മാറ്റിയുള്ള ഉത്തരവ്.