കൊച്ചി: 180 വര്‍ഷത്തിലധികം പഴക്കമുള്ള എറണാകുളം എസ്.ആർ.വി സ്കൂളിന്റെ പൈതൃകം സംരക്ഷിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. എറണാകുളം എസ്.ആര്.വി ഹൈസ്കൂളിലെ വെള്ളക്കെട്ട് നിവാരണത്തിനായി എസ്.ആര്.വി ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ നേതൃത്വത്തില്‍ രൂപകല്പന ചെയ്ത പദ്ധതിയില്‍ പൂര്‍ത്തിയായ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന് പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് പ്രഫ. ബി.ആര് അജിത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഉറപ്പുനല്‍കിയത്. ടി.ജെ. വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വെള്ളക്കെട്ട് നിവാരണ പദ്ധതിക്കായി സി.എസ്.ആര് ഫണ്ട് മുഖേന 12 ലക്ഷം അനുവദിച്ച സെന്റ് ഗോബിയന്‍ ഗ്ലാസ് മാനേജിങ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു.
നിർമാണ ജോലി പൂര്‍ത്തിയാക്കിയ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ സുനില്‍ ബാബുവിനെ മന്ത്രി ആദരിച്ചു. ഹൈബി ഈഡന് എം.പി, സ്കൂള്‍ രക്ഷാധികാരി ഡോ. എ.കെ. സഭാപതി, പി.ടി.എ പ്രസിഡന്റ് രജീവ്, വെള്ളക്കെട്ട് നിവാരണ പദ്ധതി കമ്മിറ്റി വൈസ് പ്രസിഡന്റ് കര്‍മ ചന്ദ്രന്, ഇന്ത്യന്‍ ടീം മുന്‍ ഫുട്ബാള്‍ താരവും എസ്.ആര്.വി ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ സി.സി. ജേക്കബ്, ജോ.സെക്രട്ടറി എം.ടി. വര്‍ഗീസ്, ഹൈസ്കൂള്‍ പ്രിന്‍സിപ്പൽ എ.എന്‍. ബിജു തുടങ്ങിയവര്‍ സംസാരിച്ചു