ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ എൽ ആൻഡ് ടി ഫൈനാൻസിൽനിന്ന് മോഷ്ടിച്ച 32,40,650 രൂപയും പ്രതി ഒളിപ്പിച്ച സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. പ്രതി അമലനഗർ തൊഴുത്തും പറമ്പിൽ അശോഷിന്റെ കുടുംബ സുഹൃത്തിന്റെ വരടിയത്തുള്ള പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നാണ് പണം കണ്ടെടുത്തത്. ഈ വീട്ടിലെ ഒരാളുടെ സ്കൂട്ടറിലെത്തിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
മാർച്ച് 11ന് രാവിലെ 7.30നാണ് ലോക്കർ കള്ളത്താക്കോലിട്ട് തുറന്ന് പണം കവർന്നത്. നഷ്ടപ്പെട്ട മുഴുവൻ പണവും പൊലീസ് കണ്ടെടുത്തു.
മോഷണത്തിന് ശേഷം തന്റെ വീട്ടിലെത്തിയ പ്രതി തുടർന്ന് തന്റെ കാറിൽ വരടിയത്ത് പോയി പണമടങ്ങിയ ബാഗും മോഷണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ഹെൽമറ്റും ഷൂസും ലോക്കർ തുറക്കാൻ ഉപയോഗിച്ച താക്കോലും സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു. മോഷണത്തിന്റെ പിറ്റേന്ന് പ്രതിയെ പിടികൂടിയെങ്കിലും പണം പുഴയിൽ എറിഞ്ഞെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. പ്രതിയുമായി ബന്ധപ്പെട്ട വീടുകളിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. പണം സൂക്ഷിച്ചിരുന്ന വീടിന്റെ ഉടമകൾക്ക് സംഭവത്തെ കുറിച്ച് അറിവില്ലെന്ന് പൊലീസ് പറഞ്ഞു. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ശനിയാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തി.
എസ്.ഐമാരായ വി.പി. അഷ്റഫ്, കെ. ഗിരി, എ.എസ്.ഐമാരായ ജോബി ജോർജ്, സാജൻ, വനിത എസ്.സി.പി.ഒ മിനി, സി.പി.ഒ സരിൽ എന്നിവരാണ് പരിരിശോധനകൾ നടത്തി തൊണ്ടിമുതലുകൾ കണ്ടെടുത്തത്. മോഷണം നടന്ന എൽ ആൻഡ് ടി ഫൈനാൻസിന്റെ അരണാട്ടുകര ബ്രാഞ്ചിലെ മാനേജരാണ് പ്രതി.












