മുണ്ടക്കയം: സ്പെഷൽ തഹസിൽദാർ ഓഫിസ് ഉദ്ഘാടനം എരുമേലി വടക്ക് വില്ലേജ് ഓഫിസിനോട് അനുബന്ധിച്ച് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷ വഹിച്ചു.
എരുമേലി വടക്ക്, തെക്ക്, കോരുത്തോട് വില്ലേജുകളിലായി പുഞ്ചവയൽ, മുരിക്കുംവയൽ, അമരാവതി, പുലിക്കുന്ന്, പാക്കാനം, കാരിശ്ശേരി, 504, കുഴിമാവ് തുടങ്ങിയ പ്രദേശങ്ങളിലെ ഹിൽമെൻ സെറ്റിൽമെന്റിൽപെട്ട 7000ത്തിലധികം കുടുംബങ്ങളുടെ പതിനായിരത്തോളം പട്ടയ അപേക്ഷകളിൽ തീർപ്പുകൽപിച്ച് മുഴുവൻ കൈവശ കൃഷിക്കാർക്കും തങ്ങളുടെ ഭൂമിക്ക് പട്ടയം നൽകാനാണ് മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷൽ ഓഫിസ് അനുവദിച്ചത്. ഒരു തഹസിൽദാറും രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടെ 17 തസ്തികകൾ പുതുതായി സൃഷ്ടിച്ചാണ് ഓഫിസ് ആരംഭിച്ചിരിക്കുന്നത്. ഒരുവർഷമാണ് കാലാവധി. ഈ ഓഫിസ് മുഖാന്തരം ഹിൽമെൻ സെറ്റിൽമെന്റ് പട്ടയവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മാത്രമായിരിക്കും നടപ്പാക്കുക. ആദ്യഘട്ടം എന്ന നിലയിൽ അപേക്ഷകൾ തരംതിരിച്ച് സർവേ നടപടികൾ ഉടൻ ആരംഭിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിഷയം നിയമസഭയിൽ നിരവധി തവണ ഉന്നയിച്ചതിനെ തുടർന്ന് മന്ത്രി കെ. രാജൻ മുൻകൈയെടുത്താണ് ഓഫിസ് ആരംഭിക്കാൻ തീരുമാനം കൈക്കൊണ്ടത്.
കലക്ടർ വി. വിഘ്നേശ്വരി, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്കുമാർ, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, അംഗങ്ങളായ സി.വി. അനിൽകുമാർ, പ്രസന്ന ഷിബു, ഷിജി ഷിജു, ബിൻസി മാനുവൽ, കെ.ടി. റേച്ചൽ, കെ.ആർ. രാജേഷ്, ഭൂരേഖ തഹസിൽദാർ സുനിൽകുമാർ, വില്ലേജ് ഓഫിസർമാരായ പി.എസ്. സന്ധ്യ, എ.കെ. ശുഭേന്ദുമോൾ, ഷിദ ഭാസ്കർ, വി.എം. സുബൈർ, റോയി മാത്യു എന്നിവർ സംസാരിച്ചു.