കോഴിക്കോട്: പേരാമ്പ്രയില്‍ അനു എന്ന യുവതിയെ കൊന്ന കേസില്‍ പിടിയിലായ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മുജീബ് റഹ്മാൻ വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതിയാണെന്നതാണ് ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത. കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്‍റെ അനുയായി ആണ് മുജീബ് എന്നതും ഞെട്ടിക്കുന്ന വാര്‍ത്തയാണ്.
2020 സെപ്തംബറിലാണ് മുത്തേരി ബലാത്സംഗക്കേസ് നടക്കുന്നത്. അനുവിന്‍റേതിന് സമാനമായ കേസ് ആയതിനാലാണ് പൊലീസിന് ഇക്കാര്യം പെട്ടെന്ന് ബന്ധപ്പെടുത്തി മനസിലാക്കാനായത്. കോഴിക്കോട് മുത്തേരിയില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിലെത്തി, അതില്‍ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തി എന്നതായിരുന്നു കേസ്.
മുത്തേരി കേസാണ് സത്യത്തില്‍ അനുവിന്‍റെ കൊലപാതകത്തില്‍ മുജീബ് പിടിക്കപ്പെടുന്നതിലേക്ക് നയിച്ചത് എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുജീബ് മുമ്പും പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുള്ള ‘ക്രമിനില്‍’ ആണെന്ന വിവരം നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു.
എന്നാലിപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വെറുമൊരു ‘ക്രിമിനല്‍’ മാത്രമല്ല കൊടും കുറ്റവാളിയാണ് മുജീബ് എന്നാണ് മനസിലാകുന്നത്. കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പൻ റഹീമിന്‍റെ കൂടെയായിരുന്നു ഏറെ ക്കാലം മുജീബ്. മലപ്പുറത്ത് പഴയ, നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായിരുന്നു വീരപ്പൻ റഹീം. പിന്നീട് ഇയാളുമായി പിരിഞ്ഞ് മുജീബ് തനിയെ വാഹനമോഷണം തുടങ്ങി.
ഇത്രയധികം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചുരുക്കം കേസുകളില്‍ മാത്രമാണ് മുജീബ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. മുത്തേരി കേസില്‍ അറസ്റ്റിലായ മുജീബ് വെസ്റ്റ്ഹിൽ കൊവിഡ് ഫസ്റ്റ് ട്രീറ്റ്മെന്‍റ് സെന്‍ററിൽ നിന്ന് രക്ഷപ്പെട്ട് പോയി, പിന്നീട് കൂത്തുപറമ്പിൽ പിടിയിലാവുകയായിരുന്നു. ഈ കേസില്‍ ഒന്നരവർഷം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് അനുവിന്‍റെ കൊല നടത്തിയിരിക്കുന്നത്.