കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വ്യക്തത വരുത്തി ആലുവ റൂറല്‍ എസ്‍പി എസ് വൈഭവ് സക്‍സേന. ഒരാളെയല്ല, മൂന്ന് പേരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് എസ്‍പി. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും എസ്‍പി അറിയിച്ചു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നു, അന്വേഷണത്തിന് മൂന്ന് ടീമുകളെ ചുമതലപ്പെടുത്തി, സംഭവത്തില്‍ ഇതുവരെ ആരും പരാതി തന്നിട്ടില്ല, ദൃക്സാക്ഷി മൊഴിയില്‍ പൊലീസ് സ്വമേധയാ കേസെടുത്തതാണ്, വൈകാതെ പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ് പി അറിയിച്ചു.
തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളും പ്രതികളും തമ്മില്‍ നേരത്തെ ബന്ധമുള്ളവര്‍ തന്നെയെന്നും എസ്പി വ്യക്തമാക്കി. ഇന്നലെയാണ് രാവിലെ ആലുവയില്‍ ഒരാളെ ആഡംബര കാറിലെത്തിയവര്‍ ബലമായി കയറ്റി കൊണ്ടുപോയ സംഭവമുണ്ടായത്. മൂന്ന് പേര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് ഇറങ്ങുകയായിരുന്നു. ഇതിലൊരാളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ദൃക്സാക്ഷി മൊഴി. എന്നാല്‍ മൂന്ന് പേരെയും കൊണ്ടുപോയതായി ചിലര്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. എന്നാല്‍ ആരൊക്കെയാണ് ഇവര്‍ എന്നോ, പ്രതികളെ സംബന്ധിച്ചോ മറ്റ് സൂചനകളൊന്നുമില്ല.