റാന്നി > എന്‍ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് കോടതിയലക്ഷ്യം തുടരുകയാണെന്നും വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടെന്നും ഡോ. ടി എം തോമസ് ഐസക്ക്. ഇ ഡിയെ കണ്ടാൽ മുട്ടിടിക്കുന്നവർ ഉണ്ടാകും. തന്നെ ആ ഗണത്തിൽ പെടുത്തേണ്ട. റാന്നിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ ഡി റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് സാന്റിയാഗോ മാർട്ടിൻ ബിജെപിക്ക് ഇലക്‌ടറൽ ബോണ്ട് നൽകിയത്. ബിജെപിക്ക് ഇലക്‌ടറല്‍ ബോണ്ടിലേക്ക് നൽകിയിട്ടും ഇതുവരെ മാർട്ടിന് കേരളത്തിൽ കയറാൻ കഴിഞ്ഞിട്ടില്ല. ജിഎസ്‌ടി നിരക്കുകളിൽ ബിജെപി മന്ത്രിമാർ വരുത്തിയ മാറ്റത്തിന്റെ അടിസ്ഥാനം അഴിമതി മാത്രമാണ്. ഇതിന് കേന്ദ്ര ധനമന്ത്രി മറുപടി നൽകണമെന്നും തോമസ് ഐസക്ക് പറഞ്ഞു.
സാന്റിയാഗോ മാർട്ടിന്റെ നികുതി നിരക്ക് 12 ശതമാനത്തിലേക്ക് താഴ്ത്താൻ തീരുമാനിച്ചു. പണം വാങ്ങി ലോട്ടറി കോൺട്രാക്‌ടർമാരെ സഹായിക്കുന്ന നടപടിയാണ് കേന്ദ്രം ചെയ്യുന്നത്. ബലം പ്രയോഗിച്ചാണ് ഇലക്‌ടറല്‍ ബോണ്ടിലേക്ക് പണം വാങ്ങുന്നത്. ആദ്യം ഇഡിയെ കൊണ്ട് റെയ്‌ഡ് ചെയ്യിപ്പിക്കുക, പിറ്റേന്ന് കാശു വാങ്ങുക. ഇതാണ് ബിജെപി ഇലക്‌ടറൽ ബോണ്ടിലൂടെ നടത്തുന്നത് ഐസക്ക് പറഞ്ഞു.