കോട്ടയം: 28 കോടിയോളം രൂപ കുടിശ്ശികയായതോടെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന നിലപാടിൽ പമ്പുടമകൾ. ഏപ്രിൽ ഒന്നുമുതൽ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സർക്കാർ വാഹനത്തിനും ഇന്ധനം കടം നൽകില്ലെന്നാണ് സ്വകാര്യ പമ്പുടമകൾ അറിയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയെല്ലാം സജീവമായ സാഹചര്യത്തിലാണ് പൊലീസ് വകുപ്പിന് ഇന്ധനദൗർലഭ്യം വൻ പ്രതിസന്ധിയാകുന്നത്. സർക്കാറിന്റെ സാമ്പത്തിക ഞെരുക്കമാണ് പണം ലഭിക്കാത്തതിന് കാരണമായി പറയുന്നത്. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസ് പമ്പില്‍ ഇനി ഒരാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമാണുള്ളത്. എക്സൈസ് വകുപ്പിന്റെ അവസ്ഥയും ഭിന്നമല്ല.
കഴിഞ്ഞ സാമ്പത്തിക വർഷാവസാനവും പൊലീസ് വാഹനങ്ങളിൽ ഇന്ധനം കിട്ടാത്ത സ്ഥിതിയുണ്ടായി. ഇക്കാര്യം അന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ ശമ്പളംപോലും പ്രതിസന്ധിയിൽ നിൽക്കുമ്പോള് ഇന്ധനത്തിന്റെ കാര്യത്തിൽ ഉടൻ ധനവകുപ്പ് കനിയാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.