ആലപ്പുഴ: ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലായി ആകെ 2614 പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുമെന്ന് കലക്ടർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ആലപ്പുഴ ലോക്സഭ മണ്ഡലത്തിന്റെ വരണാധികാരിയായി കലക്ടർ അലക്സ് വർഗീസും മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെ വരണാധികാരിയായി എ.ഡി.എം വിനോദ് രാജും പ്രവർത്തിക്കും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ദിവസങ്ങളിൽ ക്രമസമാധാന പാലനത്തിന് ജില്ലക്ക് പുറത്തുനിന്ന് 1500 പൊലീസുകാരെ കൂടി നിയോഗിക്കും.
ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ 1333 പോളിങ് സ്റ്റേഷനും മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ 1281 പോളിങ് സ്റ്റേഷനും പ്രവർത്തിക്കും. ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം- സെന്റ് ജോസഫ്സ് കോളജും എച്ച്.എസ്.എസ് ആൻഡ് എച്ച്.എസ് ആലപ്പുഴയുമായിരിക്കും. മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രം മാവേലിക്കര ബിഷപ് മൂർ കോളജായിരിക്കും.
ജില്ലയിൽ ഒമ്പത് നിയോജക മണ്ഡലങ്ങളിലുമായി ഇത്തവണ 17,21,306 വോട്ടർമാരാണ് ഉള്ളത്. 8,98,507 സ്ത്രീ വോട്ടർമാരും 8,22,789 പുരുഷ വോട്ടർമാരും 10 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ്. അരൂർ- 1,94,485, ചേർത്തല- 2,07,129, ആലപ്പുഴ- 1,93,461, അമ്പലപ്പുഴ- 1,70,473, കുട്ടനാട്- 1,61,187, ഹരിപ്പാട്- 1,89,961, കായംകുളം- 2,05,822, മാവേലിക്കര- 1,99,725, ചെങ്ങന്നൂർ- 1,99,063 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം.
സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള യോഗം പൂർത്തിയായി. തെരഞ്ഞെടുപ്പിന്റെ വിവിധ ചുമതലകൾ വഹിക്കാൻ 24 നോഡൽ ഓഫിസർമാരെ നിയോഗിച്ചു. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി), വിവിധ സ്ക്വാഡുകൾ എന്നിവ രൂപവത്കരിച്ചിട്ടുണ്ട്.
54 ഫ്ലൈയിങ് സ്ക്വാഡ്, 48 സ്റ്റാറ്റിക് സർവൈലൻസ് ടീം, ഒമ്പത് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, ഒമ്പത് വിഡിയോ സർവൈലൻസ് ടീം, ഒമ്പത് എക്സ്പെൻഡിച്ചർ ഒബ്സർവേഴ്സ്, ഒമ്പത് വിഡിയോ വ്യൂവിങ് ടീം, ഒമ്പത് അക്കൗണ്ടിങ് ടീം എന്നിവരുടെ നിരീക്ഷണം ഉണ്ടാകും. സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഏതെങ്കിലും മത ചിഹ്നം ആണെന്നോ ദേശീയ ചിഹ്നം ആണെന്നോ ഉള്ള പ്രചാരണം പാടില്ല.
സ്ഥാനാർഥികൾ പ്രചാരണ വാഹനങ്ങൾ, ഉച്ചഭാഷിണികൾ തുടങ്ങയവക്കുള്ള പെർമിറ്റിന് ‘സുവിധ’ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. മുഴുവൻ സ്ഥാനാർഥികളും നാമനിർദേശപത്രിക നൽകുന്ന തീയതിക്ക് ഒരുദിവസം മുമ്പ് തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് സ്വന്തം പേരിലോ സ്ഥാനാർഥി ഏജന്റ് എന്നിവരുടെ കൂട്ടായ പേരിലോ ബാങ്ക് അക്കൗണ്ട് തുറക്കണം.
സ്ഥാനാർഥികൾ തെരഞ്ഞെടുപ്പു കാലയളവിൽ എക്സ്പൻഡിച്ചർ ഒബ്സർവർ നടത്തുന്ന പരിശോധനകളിൽ അവരുടെ ചെലവ് രേഖകൾ ഹാജരാക്കേണ്ടതും ഫലപ്രഖ്യാപന തീയതിക്കു ശേഷം 30 ദിവസത്തിനകം നിർദിഷ്ട മാതൃകയിൽ തെരഞ്ഞെടുപ്പു വരവുചെലവു കണക്കുകൾ ജില്ല ഇലക്ഷൻ ഓഫിസർക്ക് ഹാജരാക്കേണ്ടതുമാണ്. സ്ഥാനാർഥികൾക്ക് വേണ്ടി പത്ര, ദൃശൃ, ശ്രവ്യ മാധ്യമങ്ങളിൽ വരുന്ന എല്ലാ പരസ്യങ്ങളും മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് സെൽ സർട്ടിഫൈ ചെയ്തവയായിരിക്കണമെന്നും കലക്ടർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ എ.ഡി.എം വിനോദ് രാജ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജി.എസ്. രാധേഷ്, അഡീഷനൽ എസ്.പി എസ്.ടി. സുരേഷ് കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.എസ്. സുമേഷ് എന്നിവർ പങ്കെടുത്തു.
വിതരണ, സ്വീകരണ കേന്ദ്രങ്ങൾ:
അരൂർ- എൻ.എസ്.എസ്, പള്ളിപ്പുറം
ചേർത്തല- സെന്റ് മൈക്കിൾസ് കോളജ്
ആലപ്പുഴ- എസ്.ഡി.വി സ്കൂൾ
അമ്പലപ്പുഴ- സെന്റ് ജോസഫ്സ്, എച്ച്.എസ്
കുട്ടനാട്- സെന്റ് മേരീസ് എച്ച്.എസ്.എസ്, ചമ്പക്കുളം
ഹരിപ്പാട്- ഗവ. മോഡൽ എച്ച്.എസ്.എസ്
കായംകുളം- ടി.കെ.എം.എം കോളജ്, നങ്ങ്യാർകുളങ്ങര
മാവേലിക്കര- ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസ്
ചെങ്ങന്നൂർ- ക്രിസ്ത്യൻ കോളജ്