തിരൂർ: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മംഗളൂരു- രാമേശ്വരം വീക്കിലി എക്സ്പ്രസിന് റെയിൽവേ അനുമതി നൽകിയപ്പോഴും മലപ്പുറത്തിന് അവഗണന. കഴിഞ്ഞ ദിവസമാണ് ഈ ട്രെയിനിന് റെയിൽവേ അധികൃതർ പച്ചക്കൊടി കാട്ടിയത്. എന്നാൽ, ജില്ലയോട് ഇത്തവണയും അവഗണനയാണ്. ഒരു സ്റ്റേഷനിലും ഈ പുതിയ ട്രെയിനിനും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ഈ ട്രെയിൻ സർവിസ് ആരംഭിക്കുകയാണെങ്കിൽ തിരൂരിലും കുറ്റിപ്പുറത്തും സ്റ്റേഷൻ അനുവദിക്കണമെന്ന് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും ആവശ്യപ്പെട്ടിരുന്നു. പാലക്കാട് ഡിവിഷൻ ഈ ശിപാർശ റെയിൽവേ ബോർഡിലേക്ക് നൽകിയിരുന്നു. നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടൻഛത്രം, ഡിണ്ടിഗൽ, മധുരൈ, മൻമധുരൈ, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കാനാണ് തീരുമാനം.
2015 ലാണ് ഈ ട്രെയിൻ ആരംഭിക്കണമെന്ന ശിപാർശ വന്നത്. ശനിയാഴ്ചകളിൽ രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 11.45ന് രാമേശ്വരത്ത് എത്തുന്ന തരത്തിലാണ് സമയക്രമം. തിരിച്ച് ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 5.50ന് മംഗളൂരുവിലെത്തും. പൊള്ളാച്ചി, പഴനി വഴിയാണ് യാത്ര എന്നതിനാൽ പഴനിയിലേക്കുള്ള തീർഥാടകർക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികൾക്കും പ്രയോജനപ്പെടും. എന്നാൽ, സർവിസുകളുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ വേണ്ട രീതിയിൽ ഗുണം ലഭിക്കൂ.