റിയാദ്: സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്കും മഴയ്ക്കും സാധ്യത. റിയാദ്, ജിദ്ദ ഉള്‍പ്പെടെ പല നഗരങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. വടക്കന്‍ തബൂക്ക് മേഖലയിലെ നിരവധി ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ തബൂക്കില്‍ അസ്ഥിരമായ കാലാവസ്ഥയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയും ഉച്ചക്ക് ശേഷവും മക്ക ഹറമിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായി.ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഹായില്‍, അല്‍ദൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകള്‍, തബൂക്ക്, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ താപനില കുറയും. ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ചെങ്കടലിലെ തെക്കുപടിഞ്ഞാറന്‍ ഉപരിതല കാറ്റ് വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 25-50 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്, മധ്യ ഭാഗങ്ങളിലേക്ക് നീങ്ങുമെന്നും ഇടിമിന്നലിനൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരണമെന്നും വെള്ളക്കെട്ടും അപകടസാധ്യതകളുമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും വെള്ളച്ചാലുകള്‍ മുറിച്ചു കടക്കരുതെന്നും നീന്തരുതെന്നും ജനറല്‍ ഡയറക്ടറേര്റ് ഓഫ് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിവിധ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വഴി നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. റിയാദ് മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളിലും നഗരങ്ങളിലും മിതമായ മഴ മുതല്‍ ശക്തമായ മഴയും പൊടിക്കാറ്റും വരെ അനുഭവപ്പെടാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. അഫിഫ്, അല്‍ ദവാദ്മി, അല്‍ ഖുവൈയ്യാ, അല്‍ മജ്മ, താദിഖ്, അല്‍ ഖാട്ട്, അല്‍ സുല്‍ഫി, ഷര്‍ഖ, തബൂക്കിലെ വിവിധ മേഖലകള്‍, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി, മദീന, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്.