കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലും 100 മീറ്റര്‍ ചുറ്റളവിലും ഏപ്രില്‍ 30ന് വൈകിട്ട് ആറ് മണി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും പൊതുജനങ്ങള്‍ ഒത്തു കൂടുന്നതും നിരോധിച്ചു. ഉത്തരവ് ലംഘിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യകതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 1860ലെ സെക്ഷന്‍ 188 പ്രകാരം നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നിരീക്ഷണ സ്‌ക്വാഡുകള്‍ നടപടി ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 181 പ്രചാരണ സാമഗ്രികള്‍ തിങ്കളാഴ്ച നീക്കി. പോസ്റ്റര്‍, ബാനര്‍, കൊടി തോരണങ്ങള്‍ തുടങ്ങി പൊതുസ്ഥലത്തെ 154 എണ്ണവും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 27 എണ്ണവുമാണ് മാറ്റിയത്. വിവിധ നിയോജക മണ്ഡലങ്ങളിലായയി പൊതുസ്ഥലത്ത് പതിപ്പിച്ച 130 പോസ്റ്റര്‍, 15 ബാനര്‍, ആറ് കൊടികള്‍, മൂന്നിടത്തെ ചുവരെഴുത്ത് എന്നിവയാണ് ഒഴിവാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വകാര്യ സ്ഥലത്ത് സ്ഥലയുടമയുടെ അനുമതിയില്ലാതെ പതിപ്പിച്ച 24 പോസ്റ്റര്‍, ഒരു ബാനര്‍, രണ്ടിടങ്ങളിലെ ചുവരെഴുത്ത് എന്നിവയും നീക്കി. പരിശോധനക്കിടെ കണ്ടെത്തിയും പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി. എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ഓരോ നിയമസഭ മണ്ഡലത്തിലും രണ്ടുവീതം സംഘങ്ങളാണുള്ളത്. ഓരോ സ്‌ക്വാഡിലും പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടക്കം അഞ്ച് പേരാണുള്ളത്. 22 സ്‌ക്വാഡുകളിലായി 110 പേരും ജില്ലാതലത്തിലുള്ള രണ്ട് സ്‌ക്വാഡുകളിലായി 34 പേരുമുണ്ട്. ആകെ 144 പേരെയാണ് ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.