തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ നാല് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിൽ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയെക്കാൾ 4 °C വരെ ചൂട് ഉയരാമെന്ന സാഹചര്യമുള്ളതിനാൽ ഈ ജില്ലകളിൽ 3 ദിവസം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിലാണ് അടുത്ത ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് മലപ്പുറം, വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിൽ മാത്രമാണ് കേരളത്തിൽ നിലവിൽ കൊടും ചൂടിന് നേരിയ ശമനമുള്ളതെന്നാണ് വ്യക്തമാകുന്നത്.