ദില്ലി: പൗരത്വ നിയമഭേദഗതിയിലെ സുപ്രീംകോടതി വിധി അനുകൂലമാണെന്ന് രമേശ് ചെന്നിത്തല. കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി. കേരള സർക്കാർ കൊടുത്ത ഹർജി സുപ്രീംകോടതിയില്‍ നിലനില്‍ക്കുമെോയെന്ന സംശയമുണ്ടെന്നും സിഎഎയില്‍ ഹർജിക്കാരൻ കൂടിയായ ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു. സിഎഎയിൽ സുപ്രീം കോടതി തീരുമാനത്തോടെ പൗരത്വം കൊടുക്കുന്ന നടപടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. കേരള സര്‍ക്കാരിന് ഹര്‍ജി നല്‍കാൻ കഴിയുമെങ്കില്‍ നല്ലതാണ്. കോണ്‍ഗ്രസ് നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. മഹാരാഷ്ട്രയിലെ രാഹുലിന്‍റെ റാലിയിൽ സിപിഎം-സിപിഐ നേതാക്കള്‍ വിട്ടുനിന്നത് പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ്. രാഹുല്‍ ഗാന്ധിയെ എല്‍ഡിഎഫ് ഭയപ്പെടുത്തുകയാണ്.
മോദിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കാൻ പാടില്ലായിരുന്നു. കേരളത്തിലെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കാൻ പാടില്ല. നേതാക്കൾ വിട്ടുനിന്നെങ്കിലും അണികൾ പങ്കെടുത്തു. ഇന്ത്യ മുന്നണിയുള്ളത് കൊണ്ട് കേരളത്തിൽ കോൺഗ്രസ് മത്സരിക്കേണ്ട എന്നാണോ എൽഡിഎഫ് പറയുന്നത്?. കേരളത്തില്‍ യുഡിഎഫിന് 20ല്‍ 20 സീറ്റും കിട്ടുമെന്ന പരിഭ്രാന്തിയാണ് എല്‍ഡിഎഫിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണിയുടെ വിവാദ പരാമർശത്തിലും ചെന്നിത്തല മറുപടി നല്‍കി. ഒരു നേതാവും നടത്താൻ പാടില്ലാത്ത പരാമർശമാണ് എംഎം മണി നടത്തിയത്. വാക്കുകൾ ഉപയോഗിക്കുന്നതിന് പരിധി വേണം. പരാമർശങ്ങൾ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.