തൃശൂർ: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ പീച്ചി റോഡ് അടിപ്പാതയ്ക്ക് മുകളിൽ ബാറിന് സമീപത്താണ് അപകടം. തമിഴ്നാട്ടിൽ നിന്നും കായ കയറ്റി വരികയായിരുന്ന മിനി വാനിന്റെ പുറകുവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് സ്പീഡ് ട്രാക്കിൽ വാഹനം നിർത്തി ഡ്രൈവർ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ പുറകിൽ കായ കയറ്റി വന്നിരുന്ന മറ്റൊരു മിനിവാനും ഈ വാഹനത്തിന് പുറകിലായി നിർത്തി.
ഡ്രൈവർ ടയർ മാറ്റുന്നതിനായി സഹായിക്കുകയായിരുന്നു ഇതിനിടയിലാണ് പുറകിൽ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്ന ചരക്ക് ലോറി സഹായിക്കാൻ നിർത്തിയ മിനി വാനിനു പുറകിൽ ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട വാൻ മറിഞ്ഞ് മുന്നിലെ ടയർ മാറ്റിക്കൊണ്ടിരുന്ന വാനിന്റെ പുറകിൽ ഇടിച്ചു. ജോലിയിലേര്‍പ്പെട്ട രണ്ട് ഡ്രൈവർമാരും വാഹനത്തിനടിയിൽ പെടുകയായിരുന്നു.
ഈ രണ്ട് ഡ്രൈവർക്ക് മാരകമായി പരിക്കേൽക്കുകയായിരുന്നു. രണ്ട് ആംബുലൻസുകളിലായി മൂന്നു വാഹനത്തിലെയും ഡ്രൈവർമാരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകമായി പരിക്ക് പറ്റിയ ഡ്രൈവർ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തമിഴ്നാട് ഗോപിച്ചെട്ടിപാളയം മേവണി അരിജന കോളനി സ്വദേശി 27 വയസുള്ള എം മോഹൻരാജ് ആണ് മരിച്ചത്.
മറിഞ്ഞ വാനിലെ കായ കുലകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി കയറ്റിയതിനുശേഷം ക്രയിൻ ഉപയോഗിച്ച് വാഹനം ഉയർത്തി. പീച്ചി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.