സ്കോട്ട്ലാന്റ്: മദ്യപിച്ച് വിമാനം പറത്താനെത്തിയ പൈലറ്റിന് 10 മാസം തടുവുശിക്ഷ വിധിച്ച് കോടതി. എഡിൻബർഗിലാണ് സംഭവം. ഡെൽറ്റ എയർലെൻസിലെ പൈലറ്റിനാണ് മദ്യപിച്ച് ജോലിക്കെത്തിയതിനാൽ തടവുശിക്ഷ ലഭിച്ചത്. സ്‌കോട്ട്‌ലൻഡിൽ നിന്ന് യുഎസിലേക്ക് യാത്ര തിരിക്കാനിരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പരിശോധനയിൽ പിടിക്കപ്പെട്ട ഇയാൾക്ക് കോടതി 10 വർഷമാണ് തടവുശിക്ഷ വിധിച്ചത്.
എഡിൻബർഗിൽ നിന്ന് ന്യൂയോർക്കിലേക്ക് വിമാനം പറത്താനെത്തിയ പൈലറ്റ് ക്യാപ്റ്റൻ ലോറൻസ് റസ്സലിനെയാണ് അമിതമായി മദ്യപിച്ച നിലയിൽ കണ്ടത്. 63 കാരനായ ഇയാളുടെ രക്തത്തിൽ മദ്യത്തിൻ്റെ അളവ് കണ്ടെത്തുകയായിരുന്നുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷമാണ് സംഭവം. ജൂൺ 16 ന് പൈലറ്റിൻ്റെ യൂണിഫോം ധരിച്ച് പുറപ്പെടുന്നതിന് 80 മിനിറ്റ് മുമ്പുള്ള പരിശോധനയിലാണ് സംഭവം. ഇയാളുടെ കൈവശം രണ്ട് മദ്യക്കുപ്പിയുള്ളതായി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. ഒരു കുപ്പിയിൽ പകുതി മാത്രമാണ് മദ്യമുണ്ടായിരുന്നത്. തുടർന്ന് ഇയാളെ ബ്രീത്ത് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ രക്തത്തിൽ അമിതമായ അളവിൽ മദ്യം കണ്ടെത്തുകയായിരുന്നു.
മദ്യപിച്ച് ജോലിക്കെത്തിയ ഇയാളെ എഡിൻബറോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പൊതുജനങ്ങളുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് പൈലറ്റിന് ജയിൽ ശിക്ഷ വിധിക്കേണ്ടി വന്നതെന്ന് കോടതി വ്യക്തമാക്കി. നിരവധി ജീവൻ അപകടത്തിലാവുന്നതിനും അതിന്റെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. തൻ്റെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിൽ അശ്രദ്ധമായ അവഗണനയാണ് അദ്ദേഹം കാണിച്ചത്. ഒരു വിമാനത്തിൻ്റെ പൈലറ്റിന്റെ കൈകളിലാണ് നൂറുകണക്കിനാളുകളുടെ ജീവനുള്ളത്. മദ്യപിച്ച് വിമാനം പറത്തുന്നതിലൂടെ അവരെയെല്ലാം അപകടത്തിലാക്കുമായിരുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശക്തമായി നേരിടുമെന്ന സന്ദേശം കൂടി ഈ ശിക്ഷയിലൂടെ ബോധ്യപ്പെടണമെന്നും കോടതി പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന് യുഎസിൽ പൈലറ്റിന് നേരത്തെ രണ്ട് കേസുകൾ നിലവിലുണ്ട്.