ഝാർഖണ്ഡിലെ ബി.ജെ.പി നേതാവ് ജയ് പ്രകാശ് ഭായ് പട്ടേൽ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയ അദ്ദേഹം ഝാർഖണ്ഡ് സംസ്ഥാനത്തിന്‍റെ ചുമതല വഹിക്കുന്ന ഗുലാം അഹ്മദ് മിർ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് ഠാകൂർ, മന്ത്രി ആലംഗിർ ആലം എന്നിവരുടെ സാന്നിധ്യത്തിലാണ് കോൺഗ്രസിൽ ചേർന്നത്.
ഝാർഖണ്ഡ് മണ്ഡു മണ്ഡലത്തിലെ എം.എൽ.എയായിരുന്നു. ബി.ജെ.പിയുടെ ആശയങ്ങൾ തന്‍റെ പിതാവ് ടെക് ലാൽ മഹ്തോയുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയിൽ എത്തുന്നതിനു മുമ്പ് ഝാർഖണ്ഡ് മുക്തി മോർച്ചയുടെ എം.എൽ.എയായിരുന്നു. സംസ്ഥാനത്ത് ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല കോൺഗ്രസിൽ ചേരുന്നതെന്നും സംസ്ഥാനത്തിനുവേണ്ടിയുള്ള പിതാവിന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസാരിബാഗ് മണ്ഡലത്തിൽനിന്ന് പട്ടേലിനെ കോൺഗ്രസ് മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മേയ് 13 മുതൽ ജൂൺ ഒന്നുവരെ നാലുഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.