ന്യൂഡൽഹി: പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ ബി.ജെ.പി നേതാവും എം.പിയുമായ വരുൺ ഗാന്ധി സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. യു.പിയിലെ തന്‍റെ മണ്ഡലമായ പിലിബിത്തിൽ നിന്നു തന്നെ മത്സരിക്കാനാണ് നീക്കം.
വരുണ്‍ ഗാന്ധിക്കും അമ്മയും സുല്‍ത്താന്‍പുര്‍ എം.പിയുമായ മേനക ഗാന്ധിക്കും ബി.ജെ.പി വീണ്ടും സീറ്റു നല്‍കുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്. ബി.ജെ.പിയുടെ ആദ്യ രണ്ട് സ്ഥാനാർഥി പട്ടികയിലും ഇരുവരുടെയും പേരുണ്ടായിരുന്നില്ല. അതേസമയം, പിലിബിത്തിൽ തന്നെ മത്സരിക്കാനുറച്ച് മണ്ഡലത്തില്‍ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കി പ്രവര്‍ത്തിക്കുകയാണ് വരുണ്‍.
ബി.ജെ.പി ദേശീയ നേതൃത്വവുമായും യു.പി സർക്കാറുമായുമെല്ലാം പല തവണ ഇടഞ്ഞയാളാണ് വരുൺ ഗാന്ധി. പല പ്രസ്താവനകളിലൂടെയും കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാർഷിക നിയമങ്ങൾ, പൊതുമേഖലയുടെ സ്വകാര്യവത്കരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്.
അതേസമയം, ബി.ജെ.പി സീറ്റ് നൽകിയില്ലെങ്കിൽ വരുണ്‍ ഗാന്ധി അമേഠിയില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാർഥിയായേക്കും എന്നും അഭ്യൂഹമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് എസ്.പി അമേഠി സീറ്റ് ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതില്‍ തന്റെ പാര്‍ട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.