അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്. അബുദാബിയിലസെ അജ്ബാന്‍, അല്‍ ഫാഖ എന്നിവിടങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദൂരക്കാഴ്ച കുറയുമെന്നും അതിനാല്‍ തന്നെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. അബുദാബിയിലെ അല്‍ താഫ് റോഡില്‍ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ് അനുസരിച്ച് ഇന്ന് രാജ്യത്ത് മേഘാവൃതമായ അന്തരീക്ഷമായിരിക്കും. താപനിലയില്‍ നേരിയ കുറവുണ്ടാകും. 10-20 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ 30 കിലോമീറ്റര്‍ വരെയാകാം. കാറ്റില്‍ പൊടിപടലങ്ങളും ഉയരും അതുകൊണ്ട് പൊടി അലര്‍ജിയുള്ളവര്‍ ശ്രദ്ധിക്കണമെന്ന് അറിയിപ്പുണ്ട്. 30-35 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഇന്നത്തെ പരമാവധി താപനില. കുറഞ്ഞ താപനില 16-21 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.