പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര തവണ കുളിച്ചാലും അമിതവിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും വേട്ടയാടുന്നുണ്ട്. ഇത്തരത്തില്‍ ശരീര ദുർഗന്ധം ഉണ്ടാകാന്‍ പല കാരണങ്ങളും ഉണ്ട്. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വിയര്‍പ്പ് നാറ്റം അസഹ്യമാവുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ നേടാം. വിയർക്കുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ശരീര ദുർഗന്ധം അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞള്‍ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിത വിയര്‍പ്പ് ഗന്ധം നിയന്ത്രിക്കാം. ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നതും വിയര്‍പ്പിന്‍റെ ഗന്ധം പോകാന്‍ ഏറെ നല്ലതാണ്. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സോഡാക്കാരം അഥവാ ബേക്കിംങ് സോഡ ശരീരദുര്‍ഗന്ധം അകറ്റാന്‍ വളരെ ഗുണം ചെയ്യും. അതിനാല്‍ ബേക്കിംങ് സോഡ പേസ്റ്റ് രൂപത്തിലാക്കി ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. റോസ് വാട്ടര്‍ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്. വെള്ളത്തില്‍ നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ത്ത് കുളിക്കുന്നത് തലമുടിയിലെ ദുര്‍ഗന്ധം അകറ്റാനും സഹായിക്കും.