തിരുവനന്തപുരം : സ്‌കൂളുകളും കോളജുകളും 28 മുതല്‍ എല്ലാ ക്ലാസിലും എല്ലാ വിദ്യാര്‍ഥികളെയും ഇരുത്തിയുള്ള സാധാരണ പഠനരീതിയിലേക്കു മടങ്ങുന്നു. വൈകിട്ടു വരെ ക്ലാസുണ്ടാകും. ഓണ്‍ലൈന്‍-ഡിജിറ്റല്‍ പഠനവും അതോടെ അവസാനിക്കും. 1 മുതല്‍ 9 വരെ ക്ലാസുകള്‍ 14നാണു വീണ്ടും തുടങ്ങുന്നത്. 28നു പതിവു രീതിയിലാകുന്നതുവരെ ഒരുസമയം പകുതി വിദ്യാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തിയാകും ക്ലാസുകള്‍. 2020 മാര്‍ച്ച് 11നാണ് കോവിഡ് ബാധയെത്തുടര്‍ന്നു സംസ്ഥാനത്ത് ആദ്യമായി സ്‌കൂളുകള്‍ അടച്ചത്. കോവിഡിന് ഒപ്പം ജീവിക്കുക എന്ന നയത്തിന്റെ ഭാഗമായിക്കൂടിയാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍. തയാറെടുപ്പു തുടങ്ങാന്‍ കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
എല്ലാ കുട്ടികളുമെത്തിയാല്‍ സുരക്ഷിത അകലം ഉറപ്പാക്കുന്നത് എങ്ങനെയെന്ന പ്രശ്‌നം സര്‍ക്കാരിനു മുന്നിലുണ്ട്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന മാര്‍ഗരേഖയില്‍ ഇതേക്കുറിച്ചു വിശദമാക്കും. മാസ്‌കും സാനിറ്റൈസറും കര്‍ശനമാക്കും. കോവിഡ് പടരാന്‍ ഇളവുകള്‍ കാരണമായാല്‍ തീരുമാനം പുനഃപരിശോധിക്കും. പുതിയ സ്‌കൂള്‍ മാര്‍ഗരേഖ നാളെ കഴിഞ്ഞു പുറത്തിറക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി രാവിലെ അറിയിച്ചിരുന്നു. എല്ലാ ക്ലാസുകളിലും പരീക്ഷയുണ്ടാകും. 10,12 മോഡല്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും. സ്വകാര്യ സ്‌കൂളുകള്‍ തുറക്കാതെ നിര്‍ബന്ധിതമായി ഫീസ് പിരിക്കുന്നതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.