തിരുവനന്തപുരം: മോഹിനിയാട്ട കലാകാരനും അന്തരിച്ച സിനിമാ നടൻ കലാഭവൻ മണിയുടെ അനുജനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ ജാത്യാക്ഷേപത്തിന് കേസെടുക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം. ഈ സ്ത്രീ ഒരാളല്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ചൂണ്ടിക്കാട്ടിയ പു.ക.സ, രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദമാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
“നിറം, സൗന്ദര്യം എന്നിവയെ സംബന്ധിച്ച് ചാതുർവർണ്ണ്യ – ജാതിമേധാവിത്ത നിലപാടുകളാണ് ഇവരെ നയിക്കുന്നത് എന്നതിൽ സംശയമില്ല. അതുപയോഗിച്ചാണ് രാമകൃഷ്ണനെ ഇവർ ആക്ഷേപിക്കുന്നത്. ഇത് തികഞ്ഞ ജാതി-വംശീയ അധിക്ഷേപമാണ്. അതിശക്തമായ പ്രതിഷേധമുയർത്താൻ കലാപ്രവർത്തകരും ആസ്വാദകരും മുന്നിൽ വരണം’- പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് ഷാജി എൻ. കരുൺ, ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരത്ത് ഡാൻസ് സ്കൂൾ നടത്തുന്ന ഈ സ്ത്രീ, ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ യശസ്സിനെയാണ് വാസ്തവത്തിൽ കളങ്കപ്പെടുന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രസ്താവനയുടെ പൂർണ്ണരൂപം:
പ്രസിദ്ധനും പ്രതിഭാശാലിയുമായ നർത്തകനാണ് ആർ.എൽ.വി. രാമകൃഷ്ണൻ. നിരന്തരമായ പരിശീലനവും ഗവേഷണവും ആവിഷ്കാരവും കൊണ്ട് മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന് അദ്ദേഹം നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്. മഹാനായ ആ കലാകാരനെതിരെ തിരുവനന്തപുരത്ത് ഡാൻസ് സ്കൂൾ നടത്തുന്ന ഒരു സ്ത്രീ അത്യന്തം മോശമായ രീതിയിൽ ആക്ഷേപ പ്രകടനം നടത്തിയിരിക്കുന്നു. “കലാമണ്ഡലം സത്യഭാമ” എന്ന പേരിലാണത്രെ അവർ അറിയപ്പെടുന്നത്. ലോകപ്രശസ്ത മോഹിനിയാട്ടം കലാകാരി അന്തരിച്ച കലാമണ്ഡലം സത്യഭാമ ടീച്ചറുടെ യശസ്സിനെയാണ് വാസ്തവത്തിൽ അവർ കളങ്കപ്പെടുന്നത്.
നിറം, സൗന്ദര്യം എന്നിവയെ സംബന്ധിച്ച് ചാതുർവർണ്ണ്യ – ജാതിമേധാവിത്ത നിലപാടുകളാണ് ഈ സ്ത്രീയെ നയിക്കുന്നത് എന്നതിൽ സംശയമില്ല. അതുപയോഗിച്ചാണ് രാമകൃഷ്ണനെ ഇവർ ആക്ഷേപിക്കുന്നത്. ഇത് തികഞ്ഞ ജാതി-വംശീയ അധിക്ഷേപമാണ്. ഈ സ്ത്രീ ഒരാളല്ല. ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വവാദമാണ് ഇക്കൂട്ടരെ നയിക്കുന്നത്. അതിശക്തമായ പ്രതിഷേധമുയർത്താൻ കലാപ്രവർത്തകരും ആസ്വാദകരും മുന്നിൽ വരണം.
ഈ സ്ത്രീക്കെതിരെ ജാത്യാക്ഷേപത്തിന്റെ പേരിൽ കേസെടുക്കണമെന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർഥിക്കുന്നു. യാഥാസ്ഥിതിക ജാതി മേധാവിത്ത പക്ഷത്തുനിന്നുള്ള എല്ലാവിധ പ്രതിസന്ധികളേയും അതിജീവിച്ചു മുന്നോട്ടു പോവുന്ന പ്രിയപ്പെട്ട കലാകാരൻ ആർ.എൽ.വി. രാമകൃഷ്ണനെ അഭിവാദ്യം ചെയ്യുന്നു.
ഷാജി എൻ.കരുൺ
(പ്രസിഡണ്ട്)
അശോകൻ ചരുവിൽ
(ജനറൽ സെക്രട്ടറി)
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി.