പാലക്കാട് : മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്തുള്ളത്. ഒരു ടീം മലയുടെ മുകളില്‍ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങള്‍ക്ക് യുവാവുമായി സംസാരിക്കാന്‍ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കും എന്നാണ് കരസേന ടീം നല്‍കിയിരിക്കുന്ന വിവരം. എയര്‍ഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവില്‍ തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
കരസേന അംഗങ്ങള്‍ ബാബുവിന് അടുത്തെത്തിയെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ചെങ്കുത്താല മലയിടുക്കാണ് രക്ഷാദൗത്യത്തിന് തടസ്സം. ബാബുവുമായി സൈന്യം ആശയവിനിമയം നടത്തുകയും ഡ്രോണ്‍ ഉപയോഗിച്ച് ബാബു എവിടെയാണെന്ന് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലയിടുക്കില്‍ ബാബു കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു. പുലര്‍ച്ചെ നാല് മണിയോടെയാണ് ബാബുവുമായി സംഘം ആശയവിനിമയം നടത്തിയത്. 600 മീറ്റര്‍ ഉയരത്തിലെ ഇടുക്കിലാണ് ബാബു കുടുങ്ങിയത്. കാലിന് പൊട്ടലുണ്ടെന്ന സംശയവുമുണ്ട്.
കരസേനയുടെ എന്‍ജിനീയറിങ് വിഭാഗവും എനന്‍ഡിആര്‍എഫുമാണ് മലമുകളില്‍ എത്തിയത്. പ്രദേശവാസികളും പര്‍വതാരോഹകരും ഇവര്‍ക്കൊപ്പമുണ്ട്. ഒരു ടീം താഴെ നിന്നും രക്ഷാ പ്രവര്‍ത്തനം നടത്തുന്നു. ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനാണ് ആദ്യം ശ്രമിക്കുന്നത്. പകല്‍ സമയത്തെ കനത്തെ വെയിലും തിരിച്ചടിയാണ്. ഇന്ന് രാവിലെയോടെ ബാബുവിനെ മലയിറക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സൈന്യവും നാട്ടുകാരും. ജമ്മു കശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും മലകയറി പരിചയമുള്ള സംഘങ്ങളും കൂടെയുണ്ട്.