തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെസുധാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരത്തിലുള്ള പ്രതികാര രാഷ്ട്രീയത്തിലേക്ക് മോദിയെ നയിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാധീനിച്ച് ജനാധിപത്യ അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണത്തിന്‍റെ തണലില്‍ മോദിയും ബിജെപി സര്‍ക്കാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ക്കും അഴിമതിക്കും നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ പ്രതികാരവേട്ടക്ക് ഇറങ്ങിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയവത്കരിക്കുന്നതിന്‍റെ ദുരന്തഫലങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷവേട്ടയെന്നും സുധാകരന്‍ പറഞ്ഞു.
എതിര്‍ ശബ്ദങ്ങളെ കള്ളക്കേസുകളില്‍ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളില്‍ പ്രതിചേര്‍ത്ത് വേട്ടയാടുകയാണ്.നരേന്ദ്രമോദിയോട് ‘ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രി’ മാരെ എത്ര അഴിമതികള്‍ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിര്‍ക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാര്‍മിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിയിട്ടും ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായിവിജയനെതിരെ ചെറുവിരല്‍ അനക്കാത്തതും മോദിയുടെ ഈ ഇരട്ടസമീപനത്തിന്റെ ഭാഗമാണ്.ഈ അനീതികള്‍ക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും.ജനാധിപത്യ രീതിയില്‍ തന്നെ ഈ ഏകാധിപതികളെ കാലത്തിന്റെ ചവറ്റുകൊട്ടയില്‍ ഒഴുക്കും.നരേന്ദ്രമോദി വേട്ടയാടുന്ന ഇന്ത്യാ സഖ്യത്തിന്‍റെ മുന്നണി പോരാളി അരവിന്ദ് കെജ്രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സുധാകരന്‍ പറഞ്ഞു