പാലക്കാട് : പാലക്കാട് മലമ്പുഴ മലയില്‍ പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രതികരണവുമായി സംഭവസ്ഥലത്തുനിന്ന് ഷാഫി പറമ്പില്‍ എം എല്‍ എ. രക്ഷാപ്രവര്‍ത്തകര്‍ റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തേക്ക് എത്താന്‍ ശ്രമിക്കുമെന്ന് ഷാഫി പറമ്പില്‍ അറിയിച്ചു. ബാബു എഴുന്നറ്റ് നില്‍ക്കുന്നു എന്നതും ഇപ്പോള്‍ സ്ഥലത്ത് നല്ല വെളിച്ചം വീണുതുടങ്ങി എന്നതും ആശ്വാസകരമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ബാബു കുടുങ്ങിക്കിടങ്ങുന്ന മലയുടെ താഴ്ഭാഗത്താണ് ഇപ്പോള്‍ ഷാഫി പറമ്പിലുള്ളത്. രണ്ട് കാര്യങ്ങള്‍ ആശ്വാസകരമാണ്. ബാബു എഴുന്നേറ്റ് നില്‍ക്കുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. പുതിയ ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്. രണ്ടാമതായി വെളിച്ചം വന്ന സ്ഥിതിക്ക് ബാബുവിന്റെ അടുത്തേക്ക് എങ്ങനെ എത്തിച്ചേരണമെന്നത് സംബന്ധിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആസൂത്രണം ആരംഭിച്ചുകഴിഞ്ഞു എന്നതാണ്.
ഒരിക്കല്‍ക്കൂടി ചോപ്പര്‍ ഉപയോഗിച്ച് ശ്രമിക്കാന്‍ ആലോചിക്കുന്നുണ്ട്. റോപ്പ് ഉപയോഗിച്ചും ബാബുവിനടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കും. ബാബുവിന് ഭക്ഷണമെത്തിക്കാന്‍ വീണ്ടും ഡ്രോണിന്റെ സാധ്യത രക്ഷാപ്രവര്‍ത്തകര്‍ തേടുകയാണ്. ബാബുവിന് ഇപ്പോള്‍ എന്തെല്ലാമാണ് നല്‍കേണ്ടതെന്നത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും തേടുന്നുണ്ട്. ഷാഫി പറമ്പില്‍ പറഞ്ഞു. 40 മണിക്കൂറിലധികമായിട്ടും ബാബുവിന് ഏറെ ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. പാറയിടുക്കിലെ പൊത്തില്‍ എഴുന്നേറ്റ് നിന്ന് ഡ്രോണ്‍ ക്യാമറയോട് ബാബു പ്രതികരിക്കുന്നുണ്ട്. വയറില്‍ തൊട്ട് കൈ കൊണ്ട് തനിക്ക് വിശക്കുന്നു എന്ന് ബാബു ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ബാബു ഉടന്‍ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകള്‍ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോള്‍ പുറപ്പെട്ടിട്ടുണ്ട്. ഒന്‍പത് പേരടങ്ങുന്ന കരസേനാ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ കേണല്‍ ഹേമന്ദ് രാജാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ബാബുവുമായി കരസേനാ ദൗത്യസംഘം സംസാരിച്ചു.