ന്യൂഡൽഹി: ‘ജനാധിപത്യത്തിന്‍റെ മരണവും ഏകാധിപത്യത്തിന്‍റെ പ്രഖ്യാപനവുമാണ് കെജ്രിവാളിന്‍റെ അറസ്റ്റ്’ എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി മന്ത്രിമാരും പ്രവർത്തകരും രാത്രി തുടങ്ങിയ പ്രതിഷേധത്തിൽ ഡൽഹി തിളച്ചു മറിഞ്ഞിട്ടും, പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം കെജ്രിവാളിന് ഐക്യദാർഢ്യവുമായെത്തിയിട്ടും സുപ്രീംകോടതി കുലുങ്ങിയില്ല. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ച് ഏകപക്ഷീയമായി തെരഞ്ഞെടുപ്പിനെ നേരിട്ട് മൃഗീയ ഭൂരിപക്ഷവുമായി ഭരണത്തിൽ തിരികെയെത്താനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണ് പെരുമാറ്റചട്ടം പ്രഖ്യാപിച്ച ശേഷവും തുടരുന്ന ഇ.ഡി വേട്ടയെന്ന പ്രതിപക്ഷ വിമർശനത്തെയും സുപ്രീംകോടതി ഗൗനിച്ചില്ല. ഇത്തരമൊരു കാലഘട്ടത്തിൽ സുപ്രീം കോടതി ജഡ്ജിമാർ എങ്ങിനെ പെരുമാറിയെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് അവരുടെ തന്നെ മുഖത്ത് നോക്കി ഇതേ മദ്യനയ കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ അഭിഭാഷകൻ കപിൽ സിബൽ പറയുന്നതിനും സുപ്രീംകോടതി വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചു.
മെൻഷനിങ് പട്ടികയിൽ സുപ്രീംകോടതി രജിസ്ട്രാർ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അർധരാത്രി അടിയന്തരമായി ഹരജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തയാറായില്ല. വെള്ളിയാഴ്ച രാവിലെയും അടിയന്തരമായി പരിഗണിക്കേണ്ട കേസ് എന്ന നിലയിൽ ഒരു ബെഞ്ചിന്‍റെയും കേസ് പട്ടികയിൽ ഇത് ഉൾപ്പെടുത്തിയതുമില്ല. അതോടെ രാവിലെ 10.30ന് കോടതി ചേർന്നപ്പോൾ തന്നെ അഭിഷേക് മനു സിങ്‍വി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് മുമ്പിൽ വന്ന് കെജ്രിവാളിന്‍റെ അറസ്റ്റ് ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഇതിന് മുമ്പ് ഡൽഹി മദ്യനയ കേസിലെ ജാമ്യ ഹരജികൾ കേട്ട് തള്ളിയ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന് മുന്നിൽ പോയി പറയാനാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെ ഡൽഹി മദ്യനയ കേസിൽ നേരത്തെ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യ ഹരജി ഇതേ ബെഞ്ച് തള്ളിയിരുന്നു. കവിതയുടെ ജാമ്യ ഹരജിയുമായെത്തിയാണ് കപിൽ സിബൽ ഇത്തരമൊരു കാലഘട്ടത്തിൽ സുപ്രീം കോടതി ജഡ്ജിമാർ എങ്ങിനെ പെരുമാറിയെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് സുപ്രീംകോടതിയോട് പറഞ്ഞത്. ഇതേ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് ചെയ്തത് തെറ്റാണെന്ന് വിധിയിൽ വിശദമാക്കിയ ശേഷവും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചിരുന്നു. ബി.ജെ.പിക്ക് താൽപര്യമുള്ള പ്രമാദമായ കേസുകൾ പ്രത്യേക ബെഞ്ചിലേക്ക് വിടുന്നുവെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകരും വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരും പരാതി പറഞ്ഞ ജഡ്ജി കൂടി അടങ്ങുന്നതായിരുന്നു ഈ മൂന്നംഗ ബെഞ്ച്.
ഇതിനിടയിൽ കെജ്രിവാളിനെ വിചാരണ കോടതിയിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്ക് വേഗം കൂട്ടിയ ഇ.ഡി തങ്ങളെ കേൾക്കാതെ സുപ്രീംകോടതി വിധി പുറപ്പെടുവിക്കരുതെന്ന തടസഹരജിയുമായെത്തുകയും ചെയ്തു. അതോടെ ഈ ബെഞ്ചിൽ നിന്നുള്ള വിധി കെജ്‍രിവാളിന് എതിരാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സുപ്രീംകോടതിയിലെ നീക്കങ്ങൾ ശുഭകരമല്ലെന്ന് കണ്ടതോടെ സുപ്രീംകോടതിയിലെ ചുവരെഴുത്ത് മനസിലാക്കിയ കെജ്രിവാളിന്‍റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി ഉച്ചക്ക് 12.20ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന മുമ്പാകെ എത്തി കെജ്രിവാൾ ഹരജി പിൻവലിക്കുകയാണെന്ന് അറിയിച്ചു.