ഒരാളുടെ ഭാവി നിർണയിക്കുന്നതിൽ ഭാഗ്യത്തിനും ഒരു പരിധിവരെ സ്ഥാനമുണ്ട്. കഠിനമായി അധ്വാനിച്ചിട്ടും അർഹിക്കുന്ന വിജയം ലഭിച്ചില്ലെങ്കിൽ പലരും പറയുന്നത് കേട്ടിട്ടില്ലേ നിനക്കതിന് ഭാഗ്യമില്ലെന്ന്. പറഞ്ഞുവരുന്നത് ജീവിതം എന്താണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് ഒരു കൊച്ച് കുഞ്ഞ് ലക്ഷങ്ങൾ സമ്പാദിക്കുന്നതിനെ കുറിച്ചാണ്. അമേരിക്കയിൽ ജനിച്ച എട്ടുമാസം പ്രായമുള്ള എംജെ എന്ന കുഞ്ഞാണ് മോഡലിങ് വഴി ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്നത്. എംജെയുടെ അമ്മ സാറ ലുറ്റ്സ്കർ നഴ്സാണ്. സാറയാണ് മകളെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് തള്ളിവിട്ടതും.
കുഞ്ഞിന് അഞ്ചുമാസം പ്രായമുള്ളപ്പോൾ അവളുടെ വിവിധ രീതിയിലുള്ള ചിത്രങ്ങൾ സാറ വിവിധ മോഡലിങ് ഏജൻസികൾക്ക് അയച്ചുകൊടുത്തു. അങ്ങനെയാണ് അമേരിക്കയിലെ പ്രമുഖ കമ്പനികളായ വാൾമാർട്ട്, കോസ്റ്റ്കോ എന്നിവയുടെ മോഡലായി തെരഞ്ഞെടുക്കപ്പെടുന്നത്. അവരുമായി കരാറൊപ്പിട്ടതോടെ കുഞ്ഞിന് ലഭിച്ചത് 3.5 ലക്ഷം രൂപയാണ്(4,199 യു.എസ് ഡോളർ). എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഇപ്പോൾ നിരവധി കമ്പനികളുടെ മോഡലാണ്. മകൾ ഇതെല്ലാം നന്നായി ആസ്വദിക്കാറുണ്ടെന്ന് സാറ പറയുന്നു.
വെറും നാലോ അഞ്ചോ മിനിറ്റ് നേരം നീണ്ടുനിൽക്കുന്ന ഫോട്ടോ ഷൂട്ടിനാണ് വലിയ തുക പ്രതിഫലം ലഭിക്കുന്നത്. മകൾ മുതിർന്നാൽ മോഡലിങ് തുടരുന്നത് സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കുമെന്നും ഇഷ്ടമില്ലെങ്കിൽ നിർബന്ധിക്കില്ലെന്നും സാറ പറയുന്നു. കുറച്ചു മാസങ്ങൾകൊണ്ടു തന്നെ ടിക്ടോക്കിൽ ആയിരക്കണക്കിന് ഫോളോവേഴ്സിനെയും സ്വന്തമാക്കി ഈ കുഞ്ഞുമിടുക്കി.