പാലക്കാട്: നൃത്തപരിപാടിക്കുള്ള തൃശ്ശൂർ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനാണ് ആർ.എൽ.വി. രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. അതേ ദിവസം മറ്റൊരു പരിപാടി ഉള്ളതു കൊണ്ടാണ് രാമകൃഷ്ണൻ ക്ഷണം നിരസിച്ചത്.
അതേസമയം, കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് രാമകൃഷ്ണൻ പാലക്കാട് മാധ്യമങ്ങളോട് വ്യക്തമാക്കി.സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കറുപ്പ് നിറത്തിന്‍റെ പേരിൽ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണനെ കലാമണ്ഡലം സത്യഭാമ അധിക്ഷേപിച്ചത്. സത്യഭാമയുടെ അധിക്ഷേപത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്.പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ.എൽ.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നും സത്യഭാമ അഭിമുഖത്തിൽ വ്യക്തമാക്കി.
കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്തെത്തി. കറുപ്പാണ് തന്‍റെ അഴകെന്ന് ആർ.എൽ.വി രാമകൃഷ്ണൻ മറ്റൊരു എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി. തന്‍റെ കുലത്തിന്‍റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും ഏഴയലത്ത് വരില്ലെന്നും രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.