ഛണ്ഡീഗഡ്: ഭാരതീയ ജനതാപാർട്ടി (ബി.ജെ.പി) രാജ്യത്തെ ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റുകയാണെന്നും വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ആം ആദ്മി പാർട്ടി (എ.എ.പി) നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മുഖ്യമന്ത്രിയും എ.എ.പി കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രയാസസമയങ്ങളിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യയും എ.എ.പിയും അദ്ദേഹത്തിനൊപ്പം ശക്തമായി നിലകൊണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെജ്രിവാൾ രാജ്യസ്നേഹിയാണെന്നും ഈ സംഭവത്തോടെ അദ്ദേഹം വലിയ നേതാവായി വളരുമെന്നും ഭഗവന്ത് മാൻ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. ബി.ജെ.പിയുടെ അധികാരത്തിലായിരുന്നെങ്കിൽ പഞ്ചാബിന്റെ പേര് ദേശീയ ഗാനത്തിൽ നിന്നും എടുത്തുമാറ്റിയേനേയെന്നും ഭഗവന്ത് മാൻ പറഞ്ഞു. രാജ്യത്ത് പരമാവധി വിദ്വേഷ പ്രസംഗങ്ങൾ ബി.ജെ.പി നടത്തുന്നുണ്ട്. എ.എ.പിയുടെ മൊഹല്ല ക്ലിനിക്കുകൾക്കുള്ള ഫണ്ട് അവർ തടഞ്ഞു. പഞ്ചാബിന്റെ ടാംബ്ലോ തടഞ്ഞ് എങ്ങനെയാണ് അവർക്ക് റിപബ്ലിക് ദിന പരിപാടിയിൽ പഞ്ചാബിൻ്റെ സാന്നിധ്യം ഉറപ്പിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ജനാധിപത്യം എവിടെയാണ്? റഷ്യയിൽ വ്ലാഡിമർ പുടിന് 88 ശതമാനം വോട്ട് ലഭിച്ചു. ഇന്ത്യയിൽ ബി.ജെ.പി അതേ പാതയാണ് പിന്തുടരുന്നതെന്നും സ്വേച്ഛാധിപത്യം നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡൽഹി മദ്യനയ അഴമതി കേസിൽ കഴിഞ്ഞസദിവസമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കമുള്ള അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽ നിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് എട്ടംഗ സംഘം എത്തി അറസ്റ്റ് ചെയ്തത്. ഇ.ഡി നേരത്തെ ഒമ്പതുവട്ടം നൽകിയ സമൻസുകൾ കെജ്രിവാൾ അവഗണിക്കുകയായിരുന്നു. ഇ.ഡി സമൻസുകൾ ചോദ്യം ചെയ്ത് കെജ്രിവാൾ നേരത്തെ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അറസ്റ്റിൽനിന്ന് സംരക്ഷണം തേടി. ഈ ഹരജി ആദ്യ ഹരജിക്കൊപ്പം ഏപ്രിൽ 22ന് പരിഗണിക്കാനായി മാറ്റി.