തിരുവനന്തപുരം> ജനാധിപത്യം അട്ടിമറിക്കുന്നതിൽ വിശ്വഗുരുപട്ടം നേടാനാണ് മോദി ശ്രമിക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്‌ത ദിവസത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ ദിനമായി രേഖപ്പെടുത്തുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി രാജ്‌ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തെ ഉപയോഗിച്ച് ബിജെപി എതിർശബ്ദങ്ങളെ അടിച്ചമർത്തുകയാണ്.
ലോകത്താകെയുള്ള ഏകാധിപതികൾക്ക് പാഠപുസ്‌തകമാകുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. കേന്ദ്രസർക്കാരിനെ അനുകൂലിക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് എതിർശബ്ദം ഉയർത്തുന്ന നേതാക്കളോട് ജയിലിൽ പോകണോ ജീവിക്കണോയെന്ന ഭീഷണിയാണ് ബിജെപി ഉയർത്തുന്നത്. രാജ്യത്ത് ജനാധിപത്യം ഇത്രകണ്ട് വേട്ടയാടപ്പെട്ടിട്ടും ശശി തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അറസ്റ്റിനോട് വിയോജിപ്പില്ലെന്നും അറസ്റ്റുചെയ്‌ത സമയം മാറിപ്പോയിയെന്നുമാണ് പറയുന്നത്. ആംആദ്‌മി പാർടി എൻഡിഎയെ പിന്തുണച്ചെങ്കിൽ ഈ അറസ്റ്റുണ്ടാകുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.
ഡൽഹി പിടിക്കാനുള്ള എളുപ്പവഴിയായി ജനങ്ങൾ തെരഞ്ഞെടുത്ത ഭരണസംവിധാനത്തെ ജയിലിൽ അടയ്ക്കാമെന്ന ബോധമാണ് ബിജെപിയെ നയിക്കുന്നത്. സംഘപരിവാറിനെതിരെ ശബ്ദിക്കാൻ അരവിന്ദ് കെജ്‌രിവാൾ തയ്യാറായതിലുള്ള ഐക്യദാർഢ്യം കൂടിയാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള കടമയേറ്റെടുത്ത് ശക്തമായ പ്രതിരോധം തീർക്കണമെന്നും എ എ റഹിം പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷിജൂഖാൻ, ട്രഷറർ വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രതിൻ സാജ് കൃഷ്‌ണ, എൽ എസ് ലിജു, എസ് എസ് നിധിൻ, ജില്ലാ ജോ. സെക്രട്ടറി ആർ ഉണ്ണികൃഷ്‌ണൻ, വൈസ് പ്രസിഡന്റ് എസ് ഷാഹിൻ, ടി എസ് രേവതി എന്നിവർ സംസാരിച്ചു.