ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് സ്വാഗതം ചെയ്ത് തട്ടിപ്പു കേസിൽ ജയിൽശിക്ഷയനുഭവിക്കുന്ന സുകേഷ് ചന്ദ്രശേഖർ. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ തിഹാര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് സുകേഷ്. കെജ്രിവാളിനെ തുറന്നുകാട്ടുമെന്നും താൻ മാപ്പുസാക്ഷിയാകുമെന്നും എല്ലാ തെളിവുകളും നൽകിയിട്ടുണ്ടെന്നും സുകേഷ് പറഞ്ഞു. മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിത അറസ്റ്റിലായപ്പോഴും സുകേഷ് ഇത്തരത്തിൽ രംഗത്തുവന്നിരുന്നു. കള്ളക്കേസാണെന്ന ആരോപണം തകർന്നെന്നും സത്യം ജയിച്ചെന്നുമാണ് സുകേഷ് പറഞ്ഞിരുന്നത്.
ജയിലിൽ കഴിയുന്നതിനിടെ കെജ്‍രിവാളിനും എ.എ.പിക്കുമെതിരെ സുകേഷ് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ജയിലിൽകഴിയുന്ന മുൻ മന്ത്രി സത്യേന്ദർ ജെയിനിന് താൻ 10 കോടി രൂപ നൽകിയെന്നായിരുന്നു സുകേഷിന്റെ വാദം. എന്നാൽ ബി.ജെ.പി നിർദേശമനുസരിച്ചാണ് സുകേഷ് പ്രവർത്തിക്കുന്നത് എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. മാർച്ച് 28 വരെ കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഡൽഹിയിലെ റോസ് അവന്യൂ കോടതി.