ന്യൂഡൽഹി: എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ അപലപിച്ച ജർമനിയുടെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. മുതിർന്ന ജർമൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
മറ്റെല്ലാവരെയും പോലെ കെജ്രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണക്ക് അവകാശമുണ്ടെന്നും കേസിൽ ജുഡീഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും ഉറപ്പുവരുത്തണമെന്നുമാണ് ജർമനി ആവശ്യപ്പെട്ടത്. ആദ്യമായാണ് ഒരു വിദേശരാജ്യം കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചത്. എന്നാൽ
ഇത്തരം പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങളിൽ ഇടപെടുന്നതിന് തുല്യമാണെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊർജസ്വലമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തെ എല്ലാ കേസുകളെയും പോലെ ലോകത്തെ മറ്റേത് ജനാധിപത്യ രാജ്യത്തെയും പോലെ ഇക്കാര്യത്തിലും നിയമം വ്യക്തമായ തീരുമാനമെടുക്കുമെന്നും അനാവശ്യമായ ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ഇന്ത്യ മുന്നറിയിപ്പു നൽകി. വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി. സംഘം വീട്ടിലെത്തി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.