ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഇ.ഡി കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. മാർച്ച് 17ന് അറസ്റ്റ് ചെയ്ത കവിതയെ ഏഴുദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡി അവസാനിക്കുന്ന ദിവസമായതിനാൽ ഇ.ഡി ഇന്ന് അവരെ കോടതിയിൽ ഹാജരാക്കി. അഞ്ചു ദിവസത്തെ കൂടി കസ്റ്റഡി വേണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടത്. തുടർന്ന് കോടതി മൂന്നുദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
മാർച്ച് 26ന് കവിതയെ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. കവിത ജാമ്യഹരജി നൽകിയിരുന്നുവെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന് ഇ.ഡി അറിയിക്കുകയായിരുന്നു. കവിതയുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണെനും ഇ.ഡി വ്യക്തമാക്കി. മദ്യ നയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കവിതയും ഗൂഢാലോചന നടത്തിയെന്നാണ് ഇ.ഡി ആരോപണം. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ഇ.ഡി ആലോചിക്കുന്നുണ്ട്. കവിത 100 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.
നേരത്തേ കവിതയുടെ ജാമ്യഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. വിചാരണകോടതിയെ സമീപിക്കാനായിരുന്നു നിർദേശം. മാർച്ച് 15 ന് ഹൈദരാബാദിലെ വസതിയിൽ നിന്നാണ് 46കാരിയായ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്.