അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി രണ്ട് ബി.ജെ.പി നേതാക്കൾ. വഡോദര മണ്ഡലത്തിലെ ബി.ജെ.പി എം.പി രഞ്ജൻ ഭട്ട്, സബർകാന്തയിലെ സ്ഥാനാർത്ഥി ഭിഖാജി താക്കൂർ എന്നിവരാണ് പിന്മാറിയത്. ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് രാജി. സംഭവത്തിൽ പാർട്ടി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
മൂന്നാം തവണയാണ് വഡോദരയിൽ നിന്നും രഞ്ജൻ ഭട്ട് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ ഭട്ടിനെ ഇക്കുറി വീണ്ടും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രാദേശിക നേതാക്കൾ നേരത്തെ അതൃപ്തിയറിയിച്ചിരുന്നു. ഇതിന് പിന്നാലെ വ്യക്തിപരമായ കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഭട്ടിനെ തെരഞ്ഞെടുത്തതിൽ അതൃപ്തിയറിയിച്ചതിന് പിന്നാലെ പാർട്ടിയുടെ വനിതാ വിഭാഗം മേധാവിയും വഡോദര മേയറുമായ ജ്യോതി പാണ്ഡ്യയെ പാർട്ടി പുറത്താക്കിയിരുന്നു.
ഞാൻ മുപ്പത് വർഷമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ഞാൻ പ്രതിപക്ഷത്തിൽ നിന്നും ചേക്കേറിയെത്തിയ ഒരു നേതാവല്ല. കുടുംബത്തെ തനിച്ചാക്കി പാർട്ടിക്ക് വേണ്ടി രാജ്യം മുഴുവൻ സഞ്ചരിച്ച വ്യക്തിയാണ് ഞാൻ. എനിക്കെന്താണ് നിങ്ങൾ കണ്ടെത്തുന്ന കുറവെന്നാണ് പാർട്ടിയോട് എന്റെ ചോദ്യം. ഞാനൊരു ഡോക്ടറാണ്. ബി.ജെ.പിയാണ് എന്റെ ഡി.എൻ.എ, ജ്യോതി പാണ്ഡ്യ പറഞ്ഞു.
ഇതിന് പിന്നാലെയാണ് സബർകാന്തയിലെ സ്ഥാനാർത്ഥി ഭിഖാജി താക്കൂർ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താക്കൂറിന്റെ പ്രഖ്യാപനം. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും താക്കൂർ കുറിപ്പിൽ പരാമർശിച്ചിരുന്നു. താക്കൂറിന്റെ ജാതി സംബന്ധിച്ച് പ്രാദേശിക നേതാക്കൾക്കിടയിൽ ചർച്ച നടന്നിരുന്നുവെന്നും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ട്.