ആലപ്പുഴ: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ബി.ജെ.പിക്കു വേണ്ടി പി.ആർ വർക്ക് നടത്തുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ സ്ഥാനാർഥികളെല്ലാം മികച്ചവരാണെന്ന് ബി.ജെ.പി പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് ജയരാജൻ പറയുന്നത്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് എല്ലാം കൂട്ടിവായിക്കുമ്പോൾ മനസ്സിലാകും.പൗരത്വഭേദഗതി നിയമത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമം മാറ്റും. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് പാസാക്കിയത് ഭരണപരാജയം മൂടിവെക്കാനാണ്. ഇലക്ടറൽ ബോണ്ട് അഴിമതി മറച്ചുപിടിക്കാനാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
ഭരണപക്ഷത്തെ ഒരാൾക്കെതിരെയും കേസില്ല. അവരെല്ലാം ബി.ജെ.പിയിൽ ചേർന്നു. ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ അവസരമൊരുക്കണമെന്ന് ‘ഇൻഡ്യ’ മുന്നണി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.