അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീനമായ സാഹചര്യങ്ങളെ വെളിപ്പിടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് അയോധ്യാ ധാം റെയില്‍വേ സ്റ്റേഷനും. ഇതിനകം ഇന്ത്യയിലെ പുതിയ ആധ്യാത്മിക വിനോദ സഞ്ചാര കേന്ദ്രമായി അയോധ്യാ രാമക്ഷേത്രം മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. ഇതിനിടെ റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങളെ വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെയാണ് നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയത്.
@reality5473 എന്ന എക്സ് ഉപയോക്താവാണ് റെയില്‍വേ സ്റ്റേഷന്റെ വൃത്തിഹീന സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മൂന്ന് വീഡിയോകള്‍ പങ്കുവച്ചത്. ‘ശ്രീനഗറിലെ രാജ്ബാഗ് ഝലം നദീമുഖത്തേക്ക് സ്വാഗതം ‘ എന്ന് കുറിച്ച് കൊണ്ട് ജെംസ് ഓഫ് എഞ്ചിനീയറിംഗ് എന്ന എക്സ് അക്കൌണ്ടില്‍ നിന്നും പങ്കുവച്ച ചില ചിത്രങ്ങള്‍ക്ക് താഴെ ‘സഹോദരാ ഈ വീഡിയോ പങ്കുവയ്ക്കൂ. പുതിയതായി പണിത രണ്ട് മാസം മുമ്പ് തുറന്ന് കൊടുത്ത അയോധ്യ സ്റ്റേഷന്റെ അവസ്ഥ.’ എന്ന് കുറിച്ച് കൊണ്ട് മൂന്ന് വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്, സ്റ്റേഷന്റെ പുറത്ത് നിന്നും ആരംഭിക്കുന്ന വീഡിയോ പതുക്കെ സ്റ്റേഷന്റെ അകത്തേക്ക് നീങ്ങുന്നു.