മംഗളൂരു: തെരുവ് നായ്ക്കൾക്ക് ആഹാരം നൽകിയ ദലിത് വനിതയെ അസഭ്യം പറയുകയും മരക്കഷണം ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപിക്കുകയും ചെയ്തതായി പരാതി.ബുധനാർ കുഞ്ഞിബെട്ടുവിലെ എ. ബേബിയാണ്(50)ആക്രമണത്തിനിരയായത്.സംഭവത്തിൽ ഇന്ദ്രാലി ഹയഗ്രീവ നഗറിലെ ചന്ദ്രകാന്ത് ഭട്ടിനെ(50) മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ വീടിന് മുന്നിലൂടെ പോവുന്ന പാതയിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുത്തതാണ് ഭട്ടിനെ പ്രകോപിപ്പിച്ചത്.തെറി വിളിച്ച് തടയാൻ ശ്രമിച്ചത് അവഗണിച്ച് ആഹാരം നൽകുന്നത് തുടർന്നു.
ഇതോടെ ഭട്ട് ആക്രമിക്കുകയായിരുന്നു.അറസ്റ്റിന് പിന്നാലെ ഉഡുപ്പി ബി.ജെ.പി എം.എൽ.എ ഇടപെട്ട് ഭട്ടിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് മാറ്റിച്ചതായി ദലിത് സംഘർഷ സമിതി ഉഡുപ്പി ജില്ല നേതാക്കൾ ആരോപിച്ചു. അവിടെ വി.ഐ.പി പരിഗണനയും നൽകി. ഈ കാര്യം നേതാക്കൾ ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ. അരുണിനെ അറിയിച്ചതിനെത്തുടർന്ന് ഭട്ടിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പട്ടികജാതി വർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഭട്ടിനെതിരെ കേസെടുത്തത്. രാഷ്ട്രീയ ഇടപെടലിന് വഴങ്ങി കേസ് തകിടം മറിച്ചാൽ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ദലിത് നേതാക്കൾ കേസ് അന്വേഷിക്കുന്ന ഡിവൈ്എസ്.പിയെ അറിയിച്ചു.