ഏറ്റുമാനൂർ: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി പിടിയിൽ. അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ബിനീഷ് (29) ആണ് അറസ്റ്റിലായത്. ഇയാളും സുഹൃത്തായ മഹേഷും ചേർന്ന് ജനുവരിയിൽ മുൻ വൈരാഗ്യത്തെതുടർന്ന് ഏറ്റുമാനൂർ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമിക്കുകയായിരുന്നു.തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. മഹേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ്.എച്ച്.ഒ ഷോജോ വര്‍ഗീസ്, എസ്.ഐമാരായ സൈജു, ജയപ്രസാദ്, എ.എസ്.ഐ സജി, സി.പി.ഒമാരായ അനീഷ്, ഡെന്നി, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.