ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കസ്റ്റഡിയിലിരുന്നുകൊണ്ട് ആദ്യ സർക്കാർ ഉത്തരവ് കെജ്രിവാൾ പുറപ്പെടുവിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് നൽകിയത്.
ഇന്ന് ഡൽഹി മന്ത്രി അതിഷി മർലേന വാർത്താസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് എ.എ.പി വൃത്തങ്ങൾ അറിയിച്ചു.ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. മാർച്ച് 28 വരെ കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
മാർച്ച് 22ന് കെജ്രിവാളിന്‍റെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഹൈകോടതിയെ സമീപിച്ചു. ഇ.ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തന്നെ ജയിൽ മോചിതനാക്കണമെന്നും ഹരജി എത്രയും വേഗം പരിഗണിക്കണമെന്നായിരുന്നു കെജ്‍രിവാളിന്‍റെ ആവശ്യം. എന്നാൽ, ഹരജി അടിയന്തരമായി പരിഗണിക്കേണ്ടെന്നാണ് ഹൈകോടതി നിലപാടെടുത്തത്. ഹരജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.