ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മഹാറാലിയുമായി ഇൻഡ്യ മുന്നണി. മാർച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡൽഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാൽ റായ് പറഞ്ഞു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ പ്രധാനമന്ത്രി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്, ആം ആദ്മി പാർട്ടിയുടെ ഓഫീസ് സീൽ ചെയ്യുകയുമുണ്ടായി. നേതാക്കൾക്ക് പാർട്ടി ആസ്ഥാനത്ത് എത്താൻ പോലും സാധിച്ചില്ല. രണ്ട് വർഷമായി ഡൽഹി മദ്യനയ അഴിമതിയിൽ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവന്നപ്പോൾ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറൽ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.