കൊല്ലം : കരുനാഗപ്പള്ളി കൊച്ചു കുറ്റിപ്പുറത്ത് തടിലോറി പൊട്ടിച്ച കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പോലീസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. അപകട കാരണം ലോറി അമിത ലോഡ് കയറ്റിയതാണെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ചിരുന്നു. കരുനാഗപ്പള്ളി തഴവ റോഡിലൂടെ പോയ തടി ലോറി തട്ടി കേബിൾ പൊട്ടി. ഭർത്താവിന്റെ വർക്ക് ഷോപ്പിന് മുന്നിൽ സ്‌കൂട്ടറിൽ ഇരുന്ന സന്ധ്യയുടെ മേൽ ഈ കേബിൾ കുരുങ്ങി. തുടർന്ന് സന്ധ്യയെയും വലിച്ചുകൊണ്ട് ഇരുപതു മീറ്റർ ദൂരേക്ക് വാഹനം നീങ്ങി. ദൂരേക്ക് തെറിച്ചു വീണ സന്ധ്യയുടെ മുകളിലേക്ക് സ്‌കൂട്ടറും ഉയർന്നു പൊങ്ങി വീണു.
നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അപകടമുണ്ടാക്കിയ ലോറി നിർത്തിയിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അമിത ലോഡുമായി വാഹനം എത്തിയതാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 279, 337, 338 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തോളെല്ലിന് പൊട്ടലെറ്റ സന്ധ്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അപകടത്തിൽ നിരവധി വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്.