ഡൽഹി: മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിലിരിക്കുന്ന കെജ്രിവാൾ പുറപ്പെടുവിച്ചതെന്ന അവകാശ വാദവുമായി എഎപി സർക്കാർ പുറത്തുവിട്ട ഉത്തരവ് വ്യാജമെന്ന് ബിജെപി. ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് വ്യാജമെന്നാണ് ബിജെപിയുടെ ആരോപണം. ജലവിഭവ വകുപ്പ് മന്ത്രി അതിഷി മർലേനയ്ക്ക് നൽകിയ കത്താണ് വിവാദമായിരിക്കുന്നത്. ഇതിനിടെ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി മജീന്ദർ സിങ് സർസ ആരോപിച്ചു. കത്ത് കെട്ടിച്ചമച്ചതാണെന്നും ഡൽഹി സർക്കാർ ഓഫീസ് ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നും മജീന്ദർ സിങ് സർസ ആരോപിച്ചു. നടക്കുന്നത് അധികാര ദുർവിനിയോഗമാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാതെ എങ്ങനെയാണ് ഉത്തരവിറക്കുക എന്ന് ചോദിച്ച സർസ സംഭവത്തിൽ അന്വേഷണം നടത്താൻ ഗവർണറോട് ആവശ്യപ്പെട്ടു.