ഇടതുകോട്ട എന്നറിയപ്പെട്ട ആലത്തൂരിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാട്ടുംപാടി ജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസായിരുന്നു. ഇടതുകോട്ടകളെല്ലാം തകർന്നടിഞ്ഞ തെരഞ്ഞെടുപ്പിൽ ആലത്തൂർ വിശേഷവും മറ്റൊന്നായില്ലെന്ന് പറയാം. ആ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് പാട്ടായിരുന്നു രമ്യയുടെ പ്രധാന ആയുധം. ഇപ്പോഴിതാ വീണ്ടുമൊരു മത്സരത്തിന് ഇറങ്ങുകയാണ് രമ്യ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളത്തെ തുറക്കുളം മീൻ മാർക്കറ്റിൽ തൊഴിലാളികൾക്കൊപ്പം പാട്ടുപാടി കൂട്ടുകൂടുകയാണ് രമ്യ.
വീഡിയോ പങ്കുവച്ചുകൊണ്ട് രമ്യ കുറിച്ചതിങ്ങനെ…
കുന്നംകുളം തുറക്കുളം മീൻ മാർകറ്റിൽ….കുന്നംകുളത്തിന്റെ ഒരു ദിവസം തുടങ്ങുന്നത് തുറക്കുളം മാർകറ്റിൽ ആയിരങ്ങളാണ് അവിടെ തൊഴിൽ മേഖലയിൽ ഉള്ളത്…. സാധാരണ മീൻ കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ ഏറ്റവും പ്രിയപ്പെട്ട തൊഴിലാളികൾ…. എന്നിവർക്കൊപ്പം അവരുടെ ഉത്സാഹത്തിൽ ഉന്മേഷവതിയായി എനിക്കും പങ്കുചേരാൻ ആയി..കുന്നംകുളത്തിനൊപ്പം കൂടെ ഉണ്ടെന്ന സത്യം ഇവിടെ പങ്കുവക്കുന്നു…
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിലൂടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ എങ്ങനെയും ആലത്തൂർ തിരിച്ചുപിടിക്കാന്‍ സിപിഎം ഒരു മന്ത്രിയെ സ്ഥാനാർഥിയായി ഇറക്കിയിരിക്കുകയാണ്. പ്രതീകാത്മക കുഴിമാടം ഒരുക്കിയ പ്രശ്നത്തില്‍ എസ്എഫ്ഐയുമായി ഏറ്റുമുട്ടിയ വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പലിനെ സ്ഥാനാർഥിയാക്കിയാണ് ബിജെപി ആലത്തൂരിലെ സർപ്രൈസ് പൊളിച്ചിരിക്കുന്നത്.
2009ല്‍ 20,960 വോട്ടിനും 2014ല്‍ 37,312 വോട്ടുകള്‍ക്കും സിപിഎമ്മിലെ പി കെ ബിജു വിജയിച്ച ലോക്സഭ മണ്ഡലമാണ് ആലത്തൂർ. എന്നാല്‍ വിവാദങ്ങള്‍ നിറഞ്ഞ 2019 തെരഞ്ഞെടുപ്പില്‍ പി കെ ബിജുവിനെ ആലത്തൂർ കയ്യൊഴിഞ്ഞു. യാതൊരു ആശങ്കകളുമില്ലാതെ ജയിച്ച രമ്യ ഹരിദാസ് 1,58,968 വോട്ടുകളുമായി മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് പേരിലാക്കിയത്.
10,19,376 സമ്മതിദായകർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് 533,815 വോട്ടുകള്‍ നേടിയപ്പോള്‍ സിറ്റിംഗ് എംപിയായ പി കെ ബിജു 3,74,847 വോട്ടുകളിലൊതുങ്ങി. എന്‍ഡിഎയ്ക്കായി മത്സരിച്ച ബിഡിജെഎസിന്‍റെ ടി വി ബാബു 89,837 വോട്ടും നേടി. ബിഎസ്പിക്ക് പുറമെ രണ്ട് സ്വതന്ത്രരും മണ്ഡലത്തില്‍ മത്സരിക്കാനുണ്ടായിരുന്നു.