ഉജ്ജയ്ൻ: മധ്യപ്രദേശിലെ മഹാകാൽ ക്ഷേത്രത്തിൽ ഭസ്മ ആരതി ചടങ്ങിനിടെ തീപിടിത്തത്തിൽ 14 പൂജാരിമാർക്ക് പൊള്ളലേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 5.50ന് ശ്രീകോവിലിൽനിന്നാണ് തീപടർന്നതെന്ന് ഉജ്ജയ്ൻ ജില്ല കലക്ടർ നീരജ് കുമാർ സിങ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ വിദഗ്ധ ചികിത്സക്കായി ഇൻഡോറിലേക്ക് മാറ്റി. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്ന കളർപൊടി കർപ്പൂരം കത്തിച്ച തളികയിൽ വീണാണ് തീ ആളിയത്. ഭസ്മ ആരതി സമയത്ത് വിശിഷ്ട വ്യക്തികളടക്കം നിരവധി പേർ ശ്രീകോവിലിന് പുറത്തുണ്ടായിരുന്നു. ഇവർക്ക് പരിക്കില്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മോഹൻ യാദവും അനുശോചിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു.