കോഴിക്കോട്: ഖരമാലിന്യ സംസ്കരണത്തിന് കോഴിക്കോട് നഗരസഭ 90 ലക്ഷം രൂപക്ക് വാങ്ങിയ രണ്ട് ലോറികൾ അഞ്ച് വർഷത്തിലധികമായി ഉപയോഗശൂന്യമെന്ന് അക്കൗണ്ടന്റ് ജനറൽ (എ.ജി) റിപ്പോർട്ട്. കേരള സുസ്ഥിര നഗര വികസന പദ്ധതി (കെ.എസ്.യു.ഡി.പി പ്രകാരം കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് വിഭാഗത്തിലേക്ക് ഖരമാലിന്യ സംസ്കരണത്തിനാണ് 2012 ഒക്ടോബർ 31ന് 45 ലക്ഷം രൂപ വീതം വിലവരുന്ന രണ്ട് കോംപാക്ട് ലോറികൾ വാങ്ങിയത്.
2017 മെയ് 11 ന് ഫിറ്റ്നസ് കാലാവധി അവസാനിച്ച വാഹനത്തിന് ഫിറ്റ്നസ് എടുക്കുന്നതിനായി 59,000 രൂപ ചെലവഴിച്ച് റിപ്പയറിങ് ജോലികൾ പൂർത്തിയാക്കി. ഈ വാഹനത്തിന്റെ പ്രവർത്തനരഹിതമായ ഹൈഡ്രോളിക്സിസ്റ്റം (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം) റിപ്പയർ ചെയ്യാത്തതിനാൽ ടെസ്റ്റിന് കൊണ്ടുപോകാൻ സാധിച്ചില്ല. വാഹനം 2017 മെയ് 11 മുതൽ കോർപ്പറേഷന്റെ യാർഡിൽ കിടക്കുകയാണ്.
ലോഗ് ബുക്ക് പരിശോധിച്ചതിൽ ഈ വാഹനം 22836 കി.മി മാത്രമാണ് ഓടിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ മറ്റൊരു വാഹനത്തിന്റെ 88,500 രൂപക്കുള്ള അറ്റകുറ്റ പണികൾ പൂർത്തികരിച്ചെങ്കിലും ഹൈഡ്രോളിക് സിസ്റ്റം പ്രവർത്തന രഹിതമാണ്. അതും 2017 മെയ് മുതൽ യാർഡിൽ കിടക്കുകയാണ്.
ലോഗ് ബുക്ക് പരിശോസിച്ചതിൽ 2012ൽ വാഹനങ്ങൾ വാങ്ങിയത് മുതൽ അഞ്ച് വർഷക്കാലയളവിൽ ഈ വാഹനം( നമ്പർ1532) 21000 കിമി മാത്രമാണ് ഓടിയിട്ടുള്ളത്. ഓഡിറ്റ് സംഘവും ഗരസഭയിലെ ഹെൽത്ത് (ട്രാൻസ്പോർട്ട്) വിഭാഗത്തിലെ ഉദ്യോഗസ്ഥരും 2023 ജൂൺ 15 ന് നടത്തിയ സംയുക്ത ഭൗതിക പരിശോധനയിൽ ഈ രണ്ടു വാഹനങ്ങളും കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി കടൽക്കാറ്റും വെയിലുമേറ്റ് കിടക്കുകയാണെന്ന് കണ്ടെത്തി.
വാഹനങ്ങളുടെ സീറ്റും മറ്റും ദ്രവിച്ച നിലയിലാണ്. മറ്റു ഭാഗങ്ങൾ തുരുമ്പു പിടിച്ച് ഉപയോഗശൂന്യമായ നിലയിലുമാണെന്ന് പരിശോധനയിൽ വ്യക്തമായി. 2013 ൽ ഫിറ്റ്നെസ് ടെസ്റ്റ് എടുക്കുന്നതിന്റെ ഭാഗമായി നിർവഹിക്കേണ്ട റിപ്പയർ ജോലികൾ ചെയ്യുമ്പോൾ തന്നെ രണ്ടു വാഹനങ്ങളുടെയും ഹൈഡ്രോളിക് സിസ്റ്റം പ്രവർത്തനരഹിതമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
യഥാസമയം കോട്ടേഷൻ ടെണ്ടർ നടപടികളിലൂടെ വാഹനങ്ങൾ റിപ്പയർ ചെയ്യാതിരുന്നത് നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. പൊതു സ്ഥലങ്ങളിൽ നിന്ന് ഖരമാലിന്യം ഓട്ടോമാറ്റിക്ക് ഹൈഡ്രോളിക് സിസ്റ്റം ഉപയോഗിച്ച് ശേഖരിക്കുകയും പൂർണമായും കവർ ചെയ്ത വാഹനങ്ങളിൽ മാലിന്യ സംസ്കരണപ്ലാൻറിൽ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2012ൽ 90 ലക്ഷത്തിന് രണ്ട് കോംപ്ക്ട്ടർ ലോറികൾ വാങ്ങിയത്. രണ്ടും മുന്ന് വർഷത്തിനുള്ളിൽ തന്നെ ഉപയോഗശൂന്യമായി.
യന്ത്രവത്കൃതമായ മാലിന്യ ശേഖരണത്തിന് പകരം കോർപ്പറേഷൻ കഴിഞ്ഞ അഞ്ച് വർഷമായി ടിപ്പർ ലോറികളിലും ട്രാക്ടറുകളിലുമായി ശുചീകരണ തൊഴിലാളികൾ നേരിട്ടു തന്നെയാണ് മാലിന്യനീക്കം നടത്തുന്നത്. വർഷങ്ങളായി ഇതേ ജോലിയിൽ ഏർപ്പെടുന്നതിനാൽ ശുചീകരണ തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മാലിന്യ നീക്കം യന്ത്രവത്കൃതമാക്കുന്നതിനായി വാങ്ങിയ വാഹനങ്ങൾ പരമാവധി 15 വർഷമെങ്കിലും ഉപയോഗിക്കാമായിരുന്നു.
ഇത്രയും ചുരുങ്ങിയ കാലയളവിൽ തന്നെ ഉപയോഗശുന്യമായത് നഗരസഭയുടെ കെടുകാര്യസ്ഥയാണെന്ന് റിപ്പോർട്ടിൽ ചുണ്ടിക്കാട്ടി. നഗരസഭയിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുകയും വർധിപ്പിക്കുയും ചെയ്യുക, അടിസ്ഥാന പരിസ്ഥിതി സേവനങ്ങള് ലഭ്യമാക്കുക എന്നിവയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. അത് നഗരസഭ അട്ടിമറിച്ചുവെന്നാണ് പരിശോധനയിൽ വ്യക്തമായത്.