തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെൻറ് പരീക്ഷകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഇംപ്രൂവ്മെൻറ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് ഒന്നാം വർഷ പരീക്ഷ വിജ്ഞാപനത്തിൽ ഹയർസെക്കൻഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അയ്യായിരത്തോളം വിദ്യാർഥികൾക്ക് ഒക്ടോബറിൽ പൂർത്തിയായ ഒന്നാം വർഷ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ 60000ത്തോളം വിദ്യാർഥികൾ കമ്പാർട്ടുമെൻറൽ വിഭാഗത്തിലും പരീക്ഷ എഴുതാനുണ്ട്.
ഇംപ്രൂവ്മെൻറ് പരീക്ഷ നടത്തണമെന്ന് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വ്യാപക ആവശ്യം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ പൊതുവിദ്യാഭ്യാസ മന്ത്രി അംഗീകരിച്ചതോടെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത്. ജനുവരി അവസാനത്തോടെ ഇംപ്രൂവ്മെൻറ് പരീക്ഷ നടത്താനാകുമെന്ന് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം പറയുന്നു.