മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ ചിലർ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ. നാളെ സമാധാന യോഗം വിളിക്കും.
ഷെല്ല പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഇച്ചാമതിയിലാണ് സംഭവം. ഖാസി സ്റ്റുഡൻ്റ്‌സ് യൂണിയൻ (കെഎസ്‌യു) മറ്റ് എൻജിഒകൾക്കൊപ്പം പൗരത്വ ഭേദഗതി നിയമ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിക്ക് ശേഷമാണ് അക്രമം നടന്നതെന്ന് പൊലീസ്. ചില ക്രിമിനൽ സംഘം സാഹചര്യം മുതലെടുത്ത് ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയതാകാമെന്നാണ് റിപ്പോർട്ട്.
ഈസ്റ്റ് ഖാസി ഹിൽസ് ഡെപ്യൂട്ടി കമ്മീഷണർ എസ് സി സാധു ആക്രമണവും മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എൽ എസാൻ സിംഗ്, സുജിത് ദത്ത എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ യഥാക്രമം ഇച്ചാമതിയിലും ഡാൽഡയിലും നിന്നുമാണ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ. മുഴുവൻ പൊലീസ് സൂപ്രണ്ടുമാരോടും ജാഗ്രത പുലർത്താനും അതത് അധികാരപരിധിയിൽ കാൽ/മൊബൈൽ പട്രോളിംഗ് ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ സമാധാന യോഗങ്ങൾ സംഘടിപ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.